ഇറ്റലിയിൽ ഇന്ത്യൻ വിദ്യാർഥികളെ അക്രമിച്ചു
text_fieldsമിലാൻ/ന്യൂഡൽഹി: വടക്കൻ ഇറ്റലിയിലെ മിലാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കുനേരെ തുടർച്ചയായി ആക്രമണം. ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് (സി.ജി.െഎ) ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികളോട് പരിഭ്രാന്തരാകരുതെന്ന് അഭ്യർഥിച്ച സി.ജി.െഎ, വിഷയത്തിൽ ഉന്നതതലത്തിൽ ഇടപെട്ട് നിയമനടപടി കൈക്കൊള്ളുമെന്നും വ്യക്തമാക്കി. സംഭവത്തെപ്പറ്റി വിശദ റിപ്പോർട്ട് ലഭിച്ചതായും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി വരുന്നതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. വിദ്യാർഥികൾക്കായി പ്രത്യേക നിർദേശങ്ങളും സി.ജി.െഎ പുറത്തിറക്കി.
ആക്രമണം നടന്ന സ്ഥലങ്ങളെപ്പറ്റി മറ്റ് ഇന്ത്യൻ വിദ്യാർഥികളെ അറിയിക്കുക, അത്തരം സ്ഥലങ്ങൾ ഒഴിവാക്കി സഞ്ചരിക്കുക, പുറത്തിറങ്ങുേമ്പാഴും അല്ലാത്തപ്പോഴും പരസ്പരം ബന്ധം പുലർത്തുക, ജാഗ്രത പാലിക്കുക എന്നിവയാണ് നിർദേശങ്ങൾ. തുടർന്ന്, ഇത്തരം സംഭവങ്ങളുണ്ടായാൽ സി.ജി.െഎയുടെ 3290884057 എന്ന നമ്പറിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൗ മാസം 17, 30 തീയതികളിലാണ് ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും ഒടുവിൽ ആക്രമിക്കപ്പെട്ടതായി പറയുന്നത്. ബിയർകുപ്പി കൊണ്ടായിരുന്നു ആക്രമണം. ഇറ്റലിയിൽ 1,80,000 ഇന്ത്യക്കാരുണ്ട്. ബ്രിട്ടനും നെതർലൻഡ്സും കഴിഞ്ഞാൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള യൂറോപ്യൻ യൂനിയൻ രാജ്യമാണ് ഇറ്റലി.
2012 ഫെബ്രുവരിയിൽ കേരള തീരത്ത് രണ്ട് മീൻപിടിത്തക്കാർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധം വഷളായിരുന്നു. രണ്ട് നാവികരെയും ഇറ്റലിയിലേക്ക് മടങ്ങാൻ ഇന്ത്യ അനുവദിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് ഹേഗിലെ സമുദ്ര നിയമങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോടതിയിൽ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.