‘സര്‍ജിക്കല്‍ സ്ട്രൈക്’ എന്നാല്‍...
text_fieldsന്യൂഡല്‍ഹി: കൃത്യവും പരിമിതവുമായ ലക്ഷ്യം. മിന്നല്‍വേഗം. ശത്രുകേന്ദ്രത്തില്‍ പരമാവധി നാശം വിതച്ച് മടക്കം. ഇതാണ് ‘സര്‍ജിക്കല്‍ സ്ട്രൈക്’ എന്ന മിന്നലാക്രമണം. മനുഷ്യശരീരം കീറിമുറിച്ച് നടത്തുന്ന ശസ്ത്രക്രിയയോളം സൂക്ഷ്മതയും മനസ്സാന്നിധ്യവും ആവശ്യമുള്ള യുദ്ധമുറ.
ശത്രുപാളയത്തില്‍ എവിടെ, എപ്പോള്‍, എങ്ങനെ, എത്ര ആക്രമണം നടത്തണമെന്ന് കൃത്യമായ പദ്ധതിയുണ്ടാകും. എതിരാളി നിനച്ചിരിക്കാത്ത നേരത്താകും പൊടുന്നനെ ആക്രമണം. പരമാവധി നാശം വിതച്ച് മിന്നല്‍വേഗത്തില്‍ പൂര്‍വ സ്ഥാനത്ത് മടങ്ങുമ്പോള്‍ എതിരാളി അമ്പരക്കണം.
പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍സേന നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കി’ല്‍ കണ്ടതും അതാണ്. ഇത്തരം ആക്രമണത്തെ യുദ്ധമെന്ന് വിളിക്കാറില്ല. എന്നാല്‍, ശത്രുവിന്‍െറ മനോബലം തകര്‍ക്കാനും ശക്തമായ മുന്നറിയിപ്പ് നല്‍കാനും ലോകത്താകമാനം അതിര്‍ത്തി കടന്ന് ഇത്തരം മിന്നല്‍ സൈനികനീക്കങ്ങള്‍ ഉണ്ടാകാറുണ്ട്.
കഴിഞ്ഞ ജൂണില്‍ മ്യാന്മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍സേന സമാന ആക്രമണം നടത്തിയിരുന്നു. അന്ന് അതിര്‍ത്തി കടന്നുചെന്ന 70 കമാന്‍ഡോകള്‍ നാഗാ തീവ്രവാദികളുടെ ക്യാമ്പുകളില്‍ 38 ഭീകരരെയാണ് വധിച്ചത്. 40 മിനിറ്റിനകം ആക്രമണം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.