മിന്നല്‍ പ്രഹരം വിവാദക്കൊടുങ്കാറ്റില്‍
text_fieldsന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം കഴിഞ്ഞയാഴ്ച നടത്തിയ മിന്നല്‍ പ്രഹരവും അതേക്കുറിച്ച് കേന്ദ്രസര്‍ക്കാറും ബി.ജെ.പിയും നടത്തുന്ന പ്രചാരണവും വിവാദത്തില്‍. മിന്നലാക്രമണത്തിന് വിഡിയോ തെളിവുകളുടെ പിന്‍ബലം വേണമെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരത്തിലുള്ള ആരോപണം സേനയുടെ ആത്മവീര്യം തകര്‍ക്കുമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
അതിര്‍ത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ളെന്ന പാകിസ്താന്‍െറ വാദം തെറ്റാണെന്നു തെളിയിക്കാന്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരം, ദിഗ്വിജയ്സിങ് എന്നിവരും സര്‍ക്കാറിന്‍െറ അവകാശവാദം ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് വിവാദം കത്തിപ്പടര്‍ന്നത്. ഇതൊരു പുതിയ കാര്യമായി അവതരിപ്പിച്ച് സൈന്യത്തില്‍നിന്ന് ക്രെഡിറ്റ് ബി.ജെ.പിയും പ്രധാനമന്ത്രിയും തട്ടിയെടുക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുമ്പ് മൂന്നുവട്ടം ഇത്തരത്തില്‍ മിന്നലാക്രമണം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് നടന്ന സൈനിക നടപടിയുടെ രാഷ്ട്രീയ പിതൃത്വം യു.പി.എ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നില്ളെന്ന് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ചിദംബരം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. അതിര്‍ത്തി കടന്ന നീക്കം സൈനികമായിരിക്കണം, അതേക്കുറിച്ച് പറയേണ്ടത് എന്താണെന്ന് പട്ടാള ജനറല്‍മാര്‍ തീരുമാനിക്കണം, സൈനിക നടപടിയുടെ ഉടമസ്ഥത ഏറ്റെടുക്കേണ്ടതില്ല എന്നിങ്ങനെയാണ് യു.പി.എ സര്‍ക്കാര്‍ ചിന്തിച്ചത്.
2013 ജനുവരിയില്‍ അത്തരമൊരു സൈനിക നടപടി ഉണ്ടായത് അന്നത്തെ കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. വേറെയും ഉണ്ടായിട്ടുണ്ട്. ഇന്ന് സൈനിക നടപടിയുടെ രാഷ്ട്രീയ ഉടമാവകാശം ഏറ്റെടുക്കുകയാണ് മോദി സര്‍ക്കാര്‍. അതിന് വലിയ പ്രചാരണവും നല്‍കുന്നു. തന്ത്രപരമായ സംയമനമെന്ന നയംകൊണ്ടാണ് അന്നത്തെ യു.പി.എ സര്‍ക്കാര്‍ സൈനിക നടപടിയെക്കുറിച്ച് വലിയ പ്രചാരണം നടത്താതിരുന്നത്.
വിഡിയോ പുറത്തുവിടണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. പ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാറിനെ തങ്ങള്‍ പിന്തുണക്കുന്നു. മറ്റേതു കാലത്തില്‍നിന്നും വ്യത്യസ്തമായി യു.പി.എ അധികാരത്തിലിരുന്ന 2014 വരെയുള്ള 10 വര്‍ഷക്കാലത്താണ് കൂടുതല്‍ ഭീകരര്‍ അറസ്റ്റിലാവുകയും കൊല്ലപ്പെടുകയും ചെയ്തതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.