കന്യാസ്ത്രീകൾ നടത്തുന്ന സ്കൂൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു; മൗണ്ട് കാർമൽ എന്ന പേര് മാറ്റണമെന്ന് സഭ
text_fieldsമുംബൈ: കർമ്മലീത്ത കന്യാസ്ത്രീകൾ അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തുന്ന പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അദാനി ഫൗണ്ടേഷൻ ഏറ്റെടുത്തു. പടിഞ്ഞാറൻ മഹാരാഷ്ട്ര ചന്ദ്രപൂർ ജില്ലയിലെ സിമൻറ് നഗറിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് കാർമൽ കോൺവെൻറ് സീനിയർ സെക്കൻഡറി സ്‌കൂളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ (സി.എം.സി) മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനം സെപ്തംബറിലാണ് കൈമാറിയതെന്ന് കന്യാസ്ത്രീകളെ ഉദ്ധരിച്ച് യു.സി.എ (യൂനിയൻ ഓഫ് കാത്തലിക് ഏഷ്യൻ) ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഏകദേശം 2,000 വിദ്യാർഥികളുള്ള സ്കൂൾ 1972ലാണ് സ്ഥാപിതമായത്. 2022ലായിരുന്നു സുവർണ്ണ ജൂബിലി ആഘോഷം. ഇന്ത്യയിലെ പ്രമുഖ സിമന്റ് നിർമാതാക്കളായ അസോസിയേറ്റഡ് സിമന്റ് കമ്പനി (എ.സി.സി) നിർമിച്ച സ്കൂൾ സി.എം.സി കന്യാസ്ത്രീകൾക്ക് നടത്തിപ്പിന് നൽകുകയായിരുന്നു. കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് സ്കൂൾ സ്ഥാപിച്ചത്. 2022ൽ എ.സി.സി ഗ്രൂപ്പിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഇതിന് പിന്നാലെ, അദാനി ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ അദാനി ഫൗണ്ടേഷന് കീഴിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റി.
“വാണിജ്യ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. അദാനി ഗ്രൂപ്പിന് കൈമാറിയ ശേഷം സെപ്തംബർ ഒന്നിന് ഞങ്ങൾ സ്കൂളിൽ നിന്ന് ഒഴിവായി” -മുൻ പ്രിൻസിപ്പൽ സിസ്റ്റർ ലീന യു.സി.എ ന്യൂസിനോട് പറഞ്ഞു. അവരുടെ നയവും തങ്ങളുടെ നയവും തികച്ചും വ്യത്യസ്തമാണെന്നും അതിനാലാണ് അവിടെ നിന്ന് മാറിയെതന്നും അവർ കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ, സ്കൂളിന്റെ പേരിൽനിന്ന് ‘മൗണ്ട് കാർമൽ’ നീക്കം ചെയ്യണമെന്ന് സഭ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉൾനാട്ടിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന എ.സി.സിയുടെ ക്ഷണപ്രകാരമാണ് സഭ സ്കൂൾ ആരംഭിച്ചതെന്നും സിസ്റ്റർ ലീന പറഞ്ഞു.
മാനേജ്‌മെൻറ് തലത്തിൽ അദാനി ഗ്രൂപ്പിൽ നിന്നുള്ള ചില ഇടപെടലുകൾ ഉണ്ടായതിനാലാണ് കന്യാസ്ത്രീകൾ സ്‌കൂൾ നടത്തിപ്പ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് സ്‌കൂളിന്റെ മേൽനോട്ടം വഹിച്ചിരുന്ന മലയാളിയായ ബിഷപ്പ് എഫ്രേം നരിക്കുളം യു.സി.എ ന്യൂസിനോട് പറഞ്ഞു.
2024 സെപ്റ്റംബറിൽ ഔദ്യോഗികമായി സ്കൂളിന്റെ മാനേജ്മെന്റ് തങ്ങൾ ഏറ്റെടുത്തതായി അദാനി ഫൗണ്ടേഷൻ സെപ്റ്റംബർ 30ന് പ്രസ്താവനയിൽ അറിയിച്ചു. സ്‌കൂൾ മാനേജ്‌മെൻറ് ഒഴിയാനുള്ള കാർമൽ എജ്യുക്കേഷൻ സൊസൈറ്റിയുടെ ആഗ്രഹപ്രകാരമാണ് എസിസി ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള സ്‌കൂൾ ഏറ്റെടുത്തത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്റെയും സംസ്ഥാന സർക്കാരിന്റെയും എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് സ്കൂൾ കൈമാറ്റം നടന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.