ഇപ്പോൾ ഒന്നും പറയാനില്ല; പാക് സുഹൃത്തിനെ വിവാഹം കഴിച്ച യുവതി ഇന്ത്യയിൽ തിരിച്ചെത്തി
text_fieldsന്യൂഡൽഹി: ഇക്കഴിഞ്ഞ ജൂലൈയിൽ ഫേസ്ബുക്ക് വഴി കണ്ടുമുട്ടിയ സുഹൃത്തിനെ കാണാൻ പാകിസ്താനിലെത്തി വാർത്തകളിൽ നിറഞ്ഞ അഞ്ജു നാട്ടിൽ തിരിച്ചെത്തി. പാക് സുഹൃത്ത് നസ്റുല്ലയും അഞ്ജുവും തമ്മിലുള്ള വിവാഹവും നടന്നിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് അട്ടാരി-വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിയത്. നസ്റുല്ലയെ വിവാഹം കഴിക്കാനായി 34കാരിയായ അഞ്ജു ഇസ്‍ലാം മതം സ്വീകരിച്ച് പേര് ഫാത്തിമ എന്നാക്കിയിരുന്നു. ജൂലൈ മുതൽ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
ഇപ്പോൾ അതെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് അഞ്ജു പ്രതികരിച്ചത്. പാകിസ്താനിൽ കഴിഞ്ഞ കാലമത്രയും വളരെ നല്ലതായിരുന്നുവെന്ന് അഞ്ജു പറഞ്ഞിരുന്നു. അവിടത്തെ സൽകാരവും തന്നെ അതിശയിപ്പിച്ചതായി അവർ കൂട്ടിച്ചേർത്തു.
പാകിസ്താനിലെത്തിയ ഉടൻ അഞ്ജു സുഹൃത്ത് മാത്രമാണെന്നും വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നുമായിരുന്നു നസ്റുല്ല ആദ്യം പറഞ്ഞത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു.
ആഗസ്റ്റിൽ പാകിസ്താൻ അഞ്ജുവിനെ വിസ കാലാവധി ഒരുവർഷത്തേക്ക് നീട്ടുകയും ചെയ്തു. മക്കളെ പിരിഞ്ഞുകഴിയുന്നതിൽ ഭാര്യ വലിയ ദുഃഖം അനുഭവിക്കുന്നതായി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നസ്റുല്ല പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ശ്രമം നടത്തിയെങ്കിലും വിസാ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞില്ല. ഒക്ടോബറിൽ മടങ്ങിയെത്താനിരുന്നെങ്കിലും വിസ ലഭിച്ചില്ല.
രാജസ്ഥാൻ സ്വദേശി അരവിന്ദിനെ ആണ് അഞ്ജു വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധം വേർപെടുത്താതെയാണ് നസ്റുല്ലയെ വിവാഹം കഴിച്ചത്. ജയ്പൂരിലേക്ക് പോകുന്നു എന്നു ഭർത്താവിനോട് പറഞ്ഞാണ് അഞ്ജു വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെയാണ് ഭർത്താവിന് കാര്യങ്ങൾ മനസിലായത്. ഇരുവർക്കും 15 വയസ്സുള്ള മകനും നാലു വയസ്സുള്ള മകളുമുണ്ട്. ക്രിസ്തുമതം സ്വീകരിച്ച ശേഷമാണ് അഞ്ജു അരവിന്ദിനെ വിവാഹം കഴിച്ചത്. ഇന്ത്യയിൽ മടങ്ങിയെത്തിയെങ്കിലും അഞ്ജു വീട്ടിലേക്ക് പോയതായി റിപ്പോർട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.