ഹോക്കി ദേശീയ ടീം നായിക റാണിക്കും ഖേൽരത്ന ശിപാർശ
text_fieldsന്യൂഡൽഹി: ദേശീയ വനിത ഹോക്കി ടീം നായിക റാണി രാംപാലിന് രാജീവ് ഗാന്ധി ഖേൽരത്ന ശിപാർശ. സഹ താരങ്ങളായ വന്ദന കഠാരിയ, മോനിക, ഹർമൻപ്രീത് സിങ് എന്നിവരെ അർജുന അവാർഡിനും ശിപാർശ ചെയ്തു. ഹോക്കി ഇതിഹാസം ധ്യാൻചന്ദിെൻറ പേരിലുള്ള സമഗ്ര സംഭാവന പുരസ്കാരത്തിന് മുൻദേശീയ താരങ്ങളായ ആർ.പി സിങ്, തുഷാർ ഖണ്ഡകർ എന്നിവരെയും ഹോക്കി ഇന്ത്യ ഫെഡറേഷൻ നാമനിർദേശം ചെയ്തിട്ടുണ്ട്.
2017ൽ ഏഷ്യ കപ്പ് വനിത ഹോക്കി കിരീടം നേടിയ ടീമിനെ നയിച്ച റാണി 2018ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടുന്നതിലും 2019ൽ ഒളിമ്പിക് യോഗ്യത ഉറപ്പാക്കുന്നതിലും നിർണായക സാന്നിധ്യമായി. ഹോക്കി ലോക റാങ്കിങ്ങിൽ വനിത ടീം ചരിത്രത്തിലാദ്യമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നതും അടുത്തിടെയാണ്. നേരത്തെ വേൾഡ് ഗെയിംസ് അത്ലറ്റ് പുരസ്കാരം നേടിയ റാണി അർജുന അവാർഡ് (2016), പത്മശ്രീ (2020) പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
200 ഓളം രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യക്കായി ഇറങ്ങിയ വന്ദന മികച്ച സ്ട്രൈക്കറാണ്. മോനിക 150 ഓളം തവണ ദേശീയ േജഴ്സി അണിഞ്ഞിട്ടുണ്ട്. വിവിധ കായിക സമിതികൾ നൽകുന്ന ശിപാർശ പരിഗണിച്ച് കായിക മന്ത്രാലയമാണ് വിജയികളെ പ്രഖ്യാപിക്കുക. ബാഡ്മിൻറൺ ഡബ്ൾസിൽ സമീപകാലത്ത് മികച്ച പ്രകടനവുമായി ശ്രദ്ധ പിടിച്ചുപറ്റിയ സാത്വിക്സായ്രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തെയും സിംഗിൾസ് താരം സമീർ വർമയെയും അർജുന അവാർഡുകൾക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്. ഡബ്ൾസിൽ ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യൻ മെഡൽ പ്രതീക്ഷയാണ് സഖ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.