മോദിയുടെ ജന്മദിനം 'ദേശീയ തൊഴിലില്ലായ്മ ദിനം' ആയി ആചരിച്ച് ഇന്ത്യൻ യുവത
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിച്ച് രാജ്യത്തെ യുവാക്കൾ. സെപ്റ്റംബർ 17നാണ് മോദിയുടെ ജന്മദിനം. സമൂഹമാധ്യമങ്ങളിൽ മുതിർന്ന നേതാക്കളടക്കം മോദിക്ക് ആശംസകളുമായി എത്തിയിരുന്നു. എന്നാൽ, 'സെപ്റ്റംബർ 17 ദേശീയ തൊഴിലില്ലായ്മ ദിനം' എന്ന ഹാഷ്ടാഗോടെയാണ് യുവജനങ്ങൾ മോദിക്ക് ആശംസയറിച്ചത്. മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതോടെ 'നാഷനൽ അൺഎംപ്ലോയ്ഡ് ഡേ' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി. ലക്ഷക്കണക്കിനുപേർ ഹാഷ്ടാഗ് ഏറ്റെടുത്തു. നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതും തൊഴിലില്ലാത്ത യുവജനങ്ങളുടെ ആത്മഹത്യ വർധിച്ചതുമാണ് പ്രതിഷേധത്തിന് കാരണം. ദേശീയ തൊഴിലില്ലായ്മ ദിനത്തെ പിന്തുണക്കുന്നു എന്ന വാചകങ്ങളോടെ നിരവധിപേർ കുറിപ്പുകൾ പങ്കുവെച്ചു. ദേശീയ തൊഴിലില്ലായ്മ ദിനത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ യുവജനങ്ങളോട് ദേശീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ ആഹ്വാനവുമായും നിരവധി പേർ എത്തി.
വർഷംതോറും രണ്ടുകോടി തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാരിെൻറ കാലയളവിൽ മുൻവർഷങ്ങളേക്കാൾ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുകയായിരുന്നു. സ്ഥിരംതൊഴിലെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി വ്യാവസായിക മേഖലയിൽ കരാർ നിയമനം ഏർപ്പെടുത്താനുള്ള തൊഴിൽ നിയമ ഭേദഗതിയും വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. ഇതോടെ ഏറ്റവും കൂടുതൽ യുവാക്കൾക്ക് തൊഴിൽ അവസരം വാഗ്ദാനം ചെയ്യുന്ന വ്യാവസായിക മേഖലയും നിരാശപ്പെടുത്തി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്തും ചർച്ചയായിരുന്നു.
സി.എം.ഐ.ഇയുടെ കണക്കുപ്രകാരം 2020 ആഗസ്റ്റിൽ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 8.35 ശതമാനമാണ്. നഗര പ്രദേശങ്ങളിൽ ഇത് 9.83ഉം ഗ്രാമപ്രദേശങ്ങളിൽ 7.65 ശതമാനവുമായിരുന്നു. ജൂലൈയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.40 ശതമാനവും മേയിൽ 21.73 ശതമാനവും ഏപ്രിലിൽ ഉയർന്ന നിരക്കായ 23.52 ശതമാനവുമായിരുന്നു.
2020 ജനുവരിയിൽ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം 2018ൽ ഓരോ മണിക്കൂറിലും ഒരു തൊഴിലില്ലാത്തയാൾ ആത്മഹത്യ ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധി കൂടി ഉടലെടുത്തതോടെ ഇവ ഉയർന്നുവെന്നാണ് വിലയിരുത്തൽ. രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വൻ തൊഴിൽ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ജൂൈലയിൽ മാത്രം 50 ലക്ഷം ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമായിരുന്നു. സംഘടിത മേഖലയിൽ മാത്രം രണ്ടുകോടി പേർക്ക് തൊഴിൽ നഷ്ടമുണ്ടായെന്നുമാണ് വിലയിരുത്തൽ.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.