സുന്ദർ, ഠാക്കൂർ, നടരാജൻ, സിറാജ്... ആസ്ട്രേലിയൻ ഹുങ്കിന്‍റെ മൂക്കിടിച്ച് പരത്തുന്ന ഇന്ത്യൻ പയ്യൻമാർ
text_fieldsനിരന്തരമായ പരിക്കുകളിൽ ആടിയുലഞ്ഞ് 'ബി' ടീമായ ഇന്ത്യയെ എളുപ്പം വീഴ്ത്താമെന്ന പ്രതീക്ഷയിലായിരുന്നു ആസ്ട്രേലിയ. 1988ന് ശേഷം ടെസ്റ്റിൽ ഇതുവരെയും തോൽവിയറിയാത്ത ബ്രിസ്ബേനിലെ 'ഗബ്ബ' അവർക്കൊത്ത മൈതാനവുമായിരുന്നു. പക്ഷേ മൂന്നാംദിനത്തിന് തിരശ്ചീല വീഴുേമ്പാൾ ഇന്ത്യയുടെ ആത്മവീര്യം അവരുടെ ഉള്ളുലക്കുന്നുണ്ടാകും. അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ വാഷിങ്ടൺ സുന്ദറും ഇൗ പരമ്പരയിൽ അരങ്ങേറിയ പേസ്ബൗളർ ഷർദുൽ താക്കൂറും ചേർന്ന് ഏഴാംവിക്കറ്റിൽ കൂട്ടിച്ചേർത്ത 123 റൺസിന്‍റെ കൂട്ടുകെട്ട് ഓസീസിന്‍റെ ഇന്നത്തെ ഉറക്കം കളഞ്ഞിരിക്കും. നായകൻ ടിം പെയ്നിന്റെ തലവേദന ഇരട്ടിച്ചിരിക്കും.
186 റൺസിന് ഇന്ത്യയുടെ ആറാം വിക്കറ്റുംവീണതോടെ ശേഷിക്കുന്ന ബാറ്റ് പിടിക്കാനറിയുന്ന ബൗളർമാരെയും അസ്സൽ ബൗളർമാരെയും എളുപ്പത്തിൽ പുറത്താക്കാമെന്നായിരുന്നു ഓസീസ് പ്രതീക്ഷകൾ. പക്ഷേ താക്കൂറും സുന്ദറും ഞെട്ടിച്ചുകളഞ്ഞു. 144 പന്തിൽ നിന്നും 62 റൺസെടുത്ത സുന്ദറും 115 പന്തുകളിൽ നിന്നും 67 റൺസെടുത്ത ഷർദുൽ താക്കൂറും ഏകദിശയിലേക്ക് ചാഞ്ഞുകൊണ്ടിരുന്ന ഗബ്ബ ടെസ്റ്റിനെ വീണ്ടും പോരാട്ടക്കളമാക്കി മാറ്റി. കമ്മിൻസും സ്റ്റാർക്കും ഹേസൽവുഡും ലിയോണും അടക്കമുള്ള ഓസീസ് ബൗളർമാർക്ക് പന്തെറിഞ്ഞ് പന്തെറിഞ്ഞ് ദേഷ്യം പിടിച്ചു.
ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 369 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ ഫോളോ ഓൺ വരെ ഭയന്നിരുന്ന നിമിഷത്തിൽ നിന്നും 33 റൺസകലെ മാത്രമാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
ഗാബ്ബയിലെ പിച്ചിൽ ഒറ്റ ഇന്നിങ്സ് കൊണ്ട് ഒരു പിടി റെക്കോഡാണ് ഷർദുലും വാഷിങ്ടൺ സുന്ദറും കുറിച്ചത്.
-1991ൽ ഇന്ത്യൻ ടീം ഗാബ്ബയിൽ കളിച്ചപ്പോൾ കപിൽദേവും മനോജ് പ്രഭാകറും കൂടി ഏഴാം വിക്കറ്റിൽ നേടിയ 58 റൺസ് എന്ന റെക്കോഡ് തിരുത്തിക്കുറിച്ചു.
-ഓസീസ് മണ്ണിൽ ഏഴാം നമ്പറിൽ അരങ്ങേറ്റം കുറിച്ച ഒരു താരത്തിെൻറ ഉയർന്ന സ്കോർ വാഷിങ്ടണിെൻറ പേരിലായി. 110 വർഷം മുമ്പ് (1911) ഇംഗ്ലണ്ടിെൻറ ഫ്രാങ്ക് ഫോസ്റ്ററിന്റെ നേട്ടമാണ് മറികടന്നത്.
-അരങ്ങേറ്റ ടെസ്റ്റിൽ മൂന്ന് വിക്കറ്റും അർധസെഞ്ച്വറിയും നേടുന്ന ആദ്യ ഇന്ത്യക്കാരനായും സുന്ദർ മാറി.
സചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, വി.വി.എസ് ലക്ഷ്മൺ അടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തി. നെറ്റ്സിൽ പന്തെറിയാനെത്തിയവരും അരേങ്ങറ്റം കൊതിച്ചെത്തിയവരും പന്തുകൊണ്ടും ബാറ്റും കൊണ്ടും കാണിക്കുന്ന ഈ പോരാട്ട വീര്യം കംഗാരുക്കളെ വിറളിപ്പിടിക്കുന്നുണ്ടാകും. നടരാജനും സുന്ദറും ഠാക്കൂറും സിറാജുമെല്ലാം ഇന്ത്യൻ ക്രിക്കറ്റിന്‍റെ വീരേതിഹാസങ്ങളുടെ ഏടിലേക്ക് സ്വന്തം പേരെഴുതിച്ചേർക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.