കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം
text_fieldsന്യൂഡൽഹി: ലോകത്തെ മുഴുവൻ ആളുകളെയും വീട്ടകങ്ങളിലേക്ക് ഒതുക്കിയ കോവിഡ് മഹാമാരി വന്നുപോയിട്ടും അതിന്റെ ആഘാതം പേറുന്നവർ ഇപ്പോഴും നിരവധി. കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരിലാണെന്നാണ് പുതിയ പഠനം. യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡിന്റെ ഉറവിട കേന്ദ്രമെന്ന് കണക്കാക്കുന്ന ചൈനയിലെയും ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരിലാണ് കോവിഡാനന്തര പ്രശ്നങ്ങൾ ഏറ്റവും കൂടുതലുളളത്. വെല്ലൂർക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
കോവിഡ് 19 ഇന്ത്യക്കാരുടെ ജീവിത നിലവാരം ദുർബലമാക്കിയെന്നും ഉയർന്ന തോതിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ആളുകൾ അനുഭവിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. പി.എൽ.ഒ.എസ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
കോവിഡിന്റെ ആദ്യതരംഗത്തിൽ രോഗബാധിതരായ 207 ഇന്ത്യക്കാരെയാണ് പഠനവിധേയമാക്കിയത്. മറ്റ് രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ പോസ്റ്റ്കോവിഡ് പ്രശ്നങ്ങൾ- പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ-രൂക്ഷമാണെന്ന് പഠനത്തിൽ കണ്ടെത്തി. കോവിഡ് വന്നുപോയ രോഗികളിൽ
ചെസ്റ്റ് റേഡിയോഗ്രഫി, എക്സർസൈസ് ചെയ്യുമ്പോഴുള്ള പ്രശ്നം, ശ്വാസകോശ പരിശോധന എന്നിവ വഴിയാണ് ഇത് കണ്ടെത്തിയത്. ഇതിൽ തന്നെ ചിലർക്ക് ഒരുവർഷത്തിനകം ഇത്തരം പ്രശ്നങ്ങൾ മാറിയിട്ടുണ്ട്. എന്നാൽ മറ്റുചിലരിൽ കൂടുതൽ കാലം നീണ്ടുനിൽക്കുകയും ജീവിതനിലവാരത്തെ തന്നെ മോശമായി ബാധിക്കുകയും ചെയ്തു. പൾമനറി ഫങ്ഷൻ ടെസ്റ്റുകൾ, ആറ് മിനിറ്റ് നീളുന്ന നടത്തം, ചെസ്റ്റ് റേഡിയോഗ്രഫി, ചോദ്യാവലി എന്നിവ വഴിയാണ് ആളുകളെ പഠനത്തിന് വിധേയരാക്കിയത്.
ശ്വാസതടസ്സം, ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചു വേദന, ക്ഷീണം, വ്യായാമം ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ, ഇടക്കിടെയുണ്ടാകുന്ന ശ്വാസകോശ അണുബാധ എന്നിവയാണ് പഠനത്തിന് വിധേയമാക്കിയ ആളുകളിൽ കണ്ടെത്തിയ പ്രശ്നങ്ങൾ. ഓക്സിജൻ തെറാപ്പി, പൾമനറി റീഹാബിലിറ്റേഷൻ, മരുന്നുകൾ, പോഷകാഹാരങ്ങൾ, മാനസിക പിന്തുണ എന്നിവ വഴി ഈ പ്രശ്നങ്ങൾ ക്രമാനുഗതമായി പരിഹരിക്കാൻ സാധിക്കുമെന്നും വിദഗ്ധ ഡോക്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.