യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ നിർബന്ധമായി ഒഴിപ്പിക്കില്ലെന്ന് വി. മുരളീധരൻ
text_fieldsകോട്ടയം: യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ നിർബന്ധമായി ഒഴിപ്പിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇന്ത്യയിലേക്ക് തിരികെവരാൻ താൽപര്യമുള്ള എല്ലാവരെയും മടക്കിക്കൊണ്ടുവരും. യുക്രെയിനുള്ള മുഴുവൻ ഇന്ത്യക്കാരും വിവരങ്ങൾ എംബസിക്ക് കൈമാറണമെന്നും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാനാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യക്കാരായ 18,000ഓളം വിദ്യാർഥികളും 2000 പൗരന്മാരും ആണ് യുക്രെയിനിലുള്ളത്. യുദ്ധസാഹചര്യം അനുസരിച്ചാകും കൂടുതൽ പൗരന്മാരെ തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് സാധിക്കുമെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
യുക്രെയിനിൽ നിന്ന് വിദ്യാർഥികളടക്കം 242 ഇന്ത്യൻ പൗരന്മാരെ ഇന്നലെ അർധരാത്രിയോടെ ഡൽഹിയിൽ തിരിച്ചെത്തിരുന്നു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘമെത്തിയത്. ഇന്ത്യയിൽ മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്ന് യാത്രക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
യുക്രെയിനിലെ യുദ്ധസാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ പേരെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.