ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിക്കുപുറമെ ആദ്യത്തെ 'വാട്ടർ പ്ലസ്' സിറ്റിയുമായി ഇൻഡോർ
text_fieldsഇൻഡോർ: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയുള്ള ഇൻഡോർ ആദ്യത്തെ വാട്ടർ പ്ലസ് സിറ്റിയുമാകുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ നഗരം മറ്റ് നഗരങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് സർവേക്ഷൺ 2021 പദ്ധതി പ്രകാരമാണ് ഇൻഡോറിനെ വാട്ടർ പ്ലസ് നഗരമായി തെരഞ്ഞെടുത്തത്.
'സ്വച്ഛ് ഭാരത് മിഷന് കീഴിലുള്ള സ്വച്ഛ് സർവേക്ഷൺ 2021 പദ്ധതി പ്രകാരം രാജ്യത്തെ ആദ്യത്തെ വാട്ടർ പ്ലസ് നഗരമായി ഇൻഡോറിനെ തെരഞ്ഞെടുത്തതിൽ അവിടത്തെ പൗരന്മാരെ അഭിനന്ദിക്കുന്നു. വൃത്തിയുടെ കാര്യത്തിൽ ഇൻഡോർ രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാണ്. ഇത് സംസ്ഥാനത്തിന്‍റെ ഖ്യാതിക്ക് മാറ്റുകൂട്ടട്ടെ' ചൗഹാൻ ട്വിറ്ററിൽ കുറിച്ചു.
സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി ഇന്ത്യയിലെ നഗരങ്ങളിലെ വൃത്തി, ശുചിത്വം, പൊതുശുചിത്വ നിലവാരം എന്നിവ മാനദണ്ഡമാക്കി വർഷം തോറും നട്തതിവരുന്ന സർവേയാണ് സ്വച്ഛ് സർവേക്ഷൺ. സ്വച്ഛ് സർവേക്ഷൺ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 1746 പൊതുഓടകൾ , 5,624 സ്വകാര്യ ഓവുചാലുകൾ എന്നിവയുടെ ജലനിർഗമനം ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ ശരിയാക്കുകയും ഒഴുക്ക് ക്രമീകരിക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന നദികളായ കാൻ, സരസ്വതി എന്നിവയെ അഴുക്കുചാലുകളിൽ നിന്നും മുക്തമാക്കിയെന്നും ഇൻഡോർ കലക്ടർ മനീഷ് സിങ് അറിയിച്ചു.
നേട്ടം കൈവരിക്കുന്നതിനായി ഏഴ് അഴുക്കുചാൽ സംസ്ക്കരണ പ്ലാന്‍റുകൾ സ്ഥാപിച്ചു. ഇതിൽ നിന്നും ലഭിക്കുന്ന 110 മില്യൺ ലിറ്റർ വെള്ളം നഗരത്തിന്‍റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ഇൻഡോർ സിവിക് കമീഷണർ പ്രതിഭ പാട്ടീൽ അറിയിച്ചു. വാട്ടർ പ്ലസ് പ്രോട്ടോക്കൾ അനുസരിച്ച് 147 പ്രത്യേക മൂത്രപ്പുരകൾ സ്ഥാപിച്ചു. ഇതിനുപുറമെ നഗരത്തിലെ കുളങ്ങളും കിണറുകളും അടക്കമുള്ള ജലാശയങ്ങൾ മുഴുവൻ ഉപയോഗയോഗ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.