ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് ഒരു വർഷം: 156.76 കോടി ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം
text_fieldsകോവിഡ്-19 നെതിരെയുള്ള രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന് ഞായറാഴ്ച ഒരു വർഷം പൂർത്തിയായി. ഇതുവരെ 156.76 കോടി വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയായവരിൽ 92 ശതമാനത്തിലധികം പേർ ഒരു ഡോസ് വാക്സിനും 68 ശതമാനത്തിലധികം പേർ രണ്ടു ഡോസ് വാക്സിനും എടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവെപ്പ് നൽകിയത്. തുടർന്ന് ഫെബ്രുവരി 2 മുതൽ മുൻനിര പ്രവർത്തകർക്ക് കുത്തിവെപ്പ് നൽകി. മാർച്ച് 1 മുതലാണ് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ അറുപത് വയസ്സിന് മുകളിലുള്ളവർക്കും നാൽപത്തഞ്ച് വയസ്സിനു മുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളവർക്കുമാണ് കുത്തിവെപ്പ് നൽകിയത്.
ഏപ്രിൽ 1 മുതൽ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകി തുടങ്ങി. തുടർന്ന് മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കുത്തിവെപ്പ് നൽകി കൊണ്ട് വാക്സിനേഷൻ യജ്ഞത്തിന്റെ വ്യാപ്തി വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ വർഷം ജനുവരി 3 മുതലാണ് 15 വയസ് മുതൽ 18 വരെയുള്ള കൗമാരക്കാർക്ക് കുത്തിവെപ്പ് നൽകി വാക്സിനേഷന്റെ അടുത്തഘട്ടം ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുന്നതിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും 60 വയസിന് മുകളിലുള്ളവർക്കും ജനുവരി 10 മുതൽ മുൻകരുതൽ ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 21ന് രാജ്യത്ത് 100 കോടി ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെയുള്ള റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷൻ 156.76 കോടി കഴിഞ്ഞിട്ടുണ്ട്. ജനസംഖ്യ കുറഞ്ഞ പല വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞം ബൃഹത്തും വിജയകരവുമായ കുത്തിവയ്പ്പ് പരിപാടിയാണെന്ന് ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. വാക്സിനേഷൻ യജ്ഞത്തിന് ഒരു വർഷം തികയുന്നതിന്റെ ഭാഗമായി ഞായറാഴ്ച കേന്ദ്രം തപാൽ സ്റ്റാമ്പ് പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.