ഇന്ത്യൻ അതിർത്തിയിൽ റോഹിങ്ക്യകൾക്ക് വിലക്ക്
text_fieldsന്യൂഡൽഹി: അതിർത്തി മേഖലയിൽ ബി.ജെ.പി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെ സർക്കാറുകൾ റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിപ്പായിക്കാൻ പൊലീസിന് നിർദേശം നൽകി. അഭയാർഥികളെ തിരിച്ചയക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാനിരിക്കെയാണ് അസം, മണിപ്പൂർ സർക്കാറുകളുെട നടപടി.
ഇപ്പോൾ ഇന്ത്യയിലുള്ള റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കണമെന്ന നിലപാടാണ് മോദി സർക്കാറിനുള്ളത്. ഇതിനിടെ, മ്യാന്മറിൽനിന്ന് പലായനം ചെയ്യുന്നവർ അതിർത്തി കടന്നെത്തുന്നത് തടയണമെന്നും തിരിച്ചയക്കണമെന്നുമാണ് അസം, മണിപ്പൂർ സംസ്ഥാനങ്ങൾ പൊലീസിനും ബി.എസ്.എഫിനും നൽകിയ നിർദേശം. മ്യാന്മറിൽനിന്ന് പട്ടാളവും ബുദ്ധമതക്കാരും ചേർന്ന് ആക്രമിക്കുന്നതിനിടയിൽ അവിടെനിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യകളുടെ എണ്ണം മൂന്നരലക്ഷം കവിഞ്ഞു. ആഗസ്റ്റ് 25ന് ശേഷമുള്ള ചിത്രമാണിത്. ഇവർ അവിടെനിന്ന് ഇന്ത്യയിലേക്കു കടക്കുന്നത് തടയാനാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്. അസം, ബംഗ്ലാദേശുമായി 262 കി.മീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. മണിപ്പൂർ, മിസോറം, നാഗാലാൻഡ് സംസ്ഥാനങ്ങളും ബംഗ്ലാദേശുമായി അതിർത്തി പങ്കുവെക്കുന്നു. അതിർത്തി മറികടന്നു വരുന്നവരെ തടഞ്ഞ് തിരിച്ചയക്കാൻ നിർദേശിച്ചതായി അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാളും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരൻസിങ്ങും വെളിപ്പെടുത്തി.
കേന്ദ്രസർക്കാർ ഏജൻസികൾ നൽകിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ വിശദീകരിക്കുന്നു. റോഹിങ്ക്യൻ അഭയാർഥികളുടെ പലായനം ഭീകരസംഘങ്ങൾ നുഴഞ്ഞുകയറ്റത്തിന് മറയായി ഉപയോഗിക്കുമെന്നാണ് സുരക്ഷ ഏജൻസികളുടെ മുന്നറിയിപ്പ്. എന്നാൽ, പശ്ചിമ ബംഗാൾ അടക്കം മറ്റു സംസ്ഥാനങ്ങൾ ഇത്തരമൊരു സമീപനം സ്വീകരിച്ചിട്ടില്ല. റോഹിങ്ക്യൻ അഭയാർഥികൾ ഉയർത്തുന്ന സുരക്ഷ വെല്ലുവിളികൾ ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിൽ പ്രത്യേക യോഗം നടന്നിരുന്നു. അതിനുപിന്നാലെയാണ് അസം, മണിപ്പൂർ സംസ്ഥാന സർക്കാറുകളുടെ നടപടി. ഇന്ത്യയിലുള്ള അഭയാർഥികളെ തിരിച്ചയക്കുന്ന വിഷയത്തിൽ നിലപാട് അറിയിക്കാൻ സുപ്രീംകോടതി നേരത്തെ കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.