മിസൈലുകളെ പ്രതിരോധിക്കുന്ന ഇന്‍റര്‍സെപ്റ്റർ മിസൈല്‍ പരീക്ഷണം വിജയം
text_fieldsബാലസോർ: ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന അഡ്വാന്‍സ്ഡ് ഇന്റര്‍ സെപ്റ്റര്‍ സൂപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബലാസോർ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് മിസൈൽ പരീക്ഷിച്ചത്. കഴിഞ്ഞദിവസം നടത്തിയ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ഭൗമോപരിതലത്തില്‍ 30 കിലോമീറ്റര്‍ പരിധിയില്‍ പ്രയോഗിക്കാവുന്നതാണിത്. താഴ്ന്നു പറക്കുന്ന ശത്രു മിസൈലുകളെ അങ്ങോട്ടുചെന്ന് തകർക്കാമെന്നതാണ് പുതിയ മിസൈലിന്‍റെ മേന്മ. ഈ വർഷം ഇതു മൂന്നാം തവണയാണ് മിസൈലുകളെ പ്രതിരോധിക്കുന്ന മിസൈലുകള്‍ പരീക്ഷിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 11നും മാര്‍ച്ച് ഒന്നിനും രണ്ട് മിസൈലുകൾ ഇന്ത്യ പരീക്ഷിച്ചിരുന്നു. ഇന്നലെ ചന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചില്‍ സ്ഥാപിച്ച പൃഥ്വി മിസൈലിനെ ലക്ഷ്യമാക്കിയാണ് പുതിയ മിസൈല്‍ തൊടുത്തത്. പൃഥ്വിയുടെ സിഗ്നലുകള്‍ റഡാറില്‍ ലഭിച്ചപ്പോഴേക്കും ബംഗാള്‍ ഉള്‍കടലിലെ അബ്കദുള്‍ കലാം ഐലന്‍ഡില്‍ സ്ഥാപിച്ച മിസൈല്‍ സജ്ജമായി അതിനുനേരെ കുതിക്കുകയായിരുന്നു.
ദിശാനിർണയ സംവിധാനം, ഹൈടെക് കമ്പ്യൂട്ടർ, ഇലക്ട്രോ മെക്കാനിക്കൽ ആക്ടിവേറ്റർ എന്നിവയുപയോഗിച്ചാണ് 7.5 മീറ്റർ നീളമുള്ള മിസൈലിന്‍റെ പ്രവർത്തനം. ശത്രുരാജ്യങ്ങളിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്കു പരീക്ഷണ വിജയം ഊർജം പകരും. ഇന്ത്യക്ക് പുറമെ നിലവിൽ യു.എസ്, റഷ്യ, ചൈന, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.