രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയർന്നു; കണക്ക് പുറത്തുവന്നത് കൂടുതൽ തൊഴിൽ നൽകുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ
text_fieldsരാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതായി ഏജൻസി. 2022 ഒക്ടോബറില്‍ മുന്‍ മാസത്തെ നിരക്കായ 6.4 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി ഉയര്‍ന്നതായി സർവ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 10 ലക്ഷം പേർക്ക് ഉടൻ തൊഴിൽ നൽകുമെന്ന് മാസങ്ങൾക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
സി.എം.ഐ.ഇയുടെ കണക്കുകള്‍ പ്രകാരം, ഗ്രാമപ്രദേശങ്ങളിലെ തൊഴില്‍ പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനത്തില്‍ നിന്ന് 8.04 ശതമാനമായിരിക്കുകയാണ്. മാസാടിസ്ഥാനത്തില്‍ ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ക്ക് സമാനമാണ്. 2021 ഒക്ടോബറിലും 2020ലും യഥാക്രമം 7.7 ശതമാനവും 7 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. എന്നാല്‍ 2019 ഒക്ടോബറില്‍ ഇത് 8.1 ശതമാനമായിരുന്നു.
എന്നാല്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടിൽ പറയുന്നു
ഹരിയാനയിലാണ് ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് (31.8 ശതമാനം) രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലായി രാജസ്ഥാന്‍ (30.7 ശതമാനം), ജമ്മു കാശ്മീര്‍ (22.4 ശതമാനം) എന്നീ സംസ്ഥാനങ്ങളാണുള്ളത്. മധ്യപ്രദേശ് (0.8 ശതമാനം), ഛത്തീസ്ഗഡ് (0.9 ശതമാനം), ഒഡീഷ (1.1 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ പ്രൊഫഷണലുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് മേഖല 93 ശതമാനം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായു നൗക്കരി ഡോട്ട് കോം റിപ്പോര്‍ട്ട് പറയുന്നു. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (BFSI), ഓയില്‍, ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ എന്നിവയാണ് ഉയര്‍ന്ന തോതിൽ നിയമനങ്ങൾ നടക്കുന്ന മേഖലകള്‍.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 18 ശതമാനം ഇടിവുണ്ടായതിനാല്‍ ഐ.ടി മേഖലയിലെ നിയമനങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഐ.ടിക്ക് പുറമെ, ടെലികോം, ഹെല്‍ത്ത് കെയര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ റിക്രൂട്ടമെന്റിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മെട്രോ നഗരങ്ങളായ കൊല്‍ക്കത്തയിലും മുംബൈയിലും നിയമനം വർധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് ഡല്‍ഹിയില്‍ ഇത് ഒരേ നില തുടരുകയാണ്. ഐടി മേഖലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലും നിയമനം കുറഞ്ഞതായി റിപ്പോര്‍ട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.