ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിർമാണശാല രാജ്യത്തിന് സ്വന്തം
text_fieldsബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിർമാണശാല കര്‍ണാടക തുമകൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തിനാവശ്യമായ എല്ലാ ഹെലികോപ്ടറുകളും നിർമിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മിച്ച ശാലയാണിത്. 615 ഏക്കറിൽ സ്ഥിതിചെയ്യുന്ന നിർമാണശാലക്ക് 2016ലാണ് നരേന്ദ്ര മോദി തറക്കല്ലിട്ടത്. ഇവിടെ നിര്‍മിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടര്‍ (എല്‍.യു.എച്ച്) പ്രധാനമന്ത്രി പുറത്തിറക്കി. ഹെലികോപ്ടറുകള്‍ നിര്‍മിക്കാനും കയറ്റുമതി ചെയ്യാനും ശേഷിയുള്ള ഗ്രീന്‍ഫീല്‍ഡ് ഹെലികോപ്ടര്‍ നിർമാണശാലകൂടിയാണിത്.
രാജ്യത്തിന്റെ സൈനിക ആവശ്യങ്ങൾക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കണമെന്നും വിമാനവാഹിനിക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ നിർമിക്കുന്നതിൽ രാജ്യം സ്വയംപര്യാപ്തമാവുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധരംഗത്തെ കയറ്റുമതി വർധിച്ചു. തുമകൂരുവിലെ ഫാക്ടറിയില്‍നിന്ന് മാത്രം നാലുലക്ഷം കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മോദി പറഞ്ഞു. എച്ച്.എ.എല്ലിന്റെ പേരില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ കള്ളം പ്രചരിപ്പിക്കുകയും പാര്‍ലമെന്റ് ദിവസങ്ങളോളം സ്തംഭിപ്പിക്കുകയും ചെയ്തു. ഇന്ന് എച്ച്.എ.എല്ലിന്റെ ശക്തിസ്തംഭമായി നില്ക്കുന്ന ഈ ഫാക്ടറി നുണപ്രചാരണങ്ങള്‍ പൊളിക്കുകയാണെന്നും മോദി പറഞ്ഞു.
തദ്ദേശീയമായി രൂപകല്പന ചെയ്ത ഒറ്റ എന്ജിന് വിവിധോദ്ദേശ യൂട്ടിലിറ്റി ഹെലികോപ്ടറായ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകൾ (എല്‍.യു.എച്ച്.) ആണ് തുമകൂരു ഗുബ്ബിയിലെ നിർമാണശാലയിൽ ആദ്യഘട്ടത്തില്‍ നിർമിക്കുക. പിന്നീട് ലൈറ്റ് കോമ്പാറ്റ് ഹെലികോപ്ടര്‍ (എല്‍.സി.എച്ച്), ഇന്ത്യന്‍ മള്‍ട്ടിറോള്‍ ഹെലികോപ്ടര്‍ (ഐ.എം.ആര്.എച്ച്) തുടങ്ങിയ ഹെലികോപ്ടറുകള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.