ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതി 66,000 കോടിയിലേക്ക്
text_fieldsകൊച്ചി: പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി സര്‍വ റെക്കോഡുകളും ഭേദിച്ച് 2022-23ല്‍ 66,000 കോടിയിലെത്താന്‍ സാധ്യത. കോവിഡ്-19 പ്രതിസന്ധികള്‍, ചരക്കുനീക്കത്തിലെ തടസ്സങ്ങള്‍, ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ കര്‍ശന പരിശോധനകള്‍ എന്നിവ മൂലം കഴിഞ്ഞ മൂന്ന് വര്‍ഷം ആഗോള വിപണിയിലുണ്ടായ മാന്ദ്യം മറികടന്നാണ് ഈ നേട്ടത്തിലേക്ക് മുന്നേറുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 57,586 കോടി രൂപയുടെ സമുദ്രോൽപന്നങ്ങള് കയറ്റുമതി ചെയ്തിരുന്നു. ഇക്കുറി ഇത് മറികടന്ന് പുതിയ റെക്കോഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ചെമ്മീന്‍ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം പത്തുലക്ഷം ടണ്‍ കടന്നു. ശീതീകരിച്ച ചെമ്മീന്‍ മൊത്തം കയറ്റുമതിയുടെ 53 ശതമാനവും വരുമാനത്തിന്റെ 75 ശതമാനവും വരും. ഡോളര്‍ കണക്കില്‍ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി (43.45ശതമാനം). ചൈന (15.14), യൂറോപ്പ് (14.98), തെക്കുകിഴക്കനേഷ്യ (10.04) എന്നിവയാണ് മറ്റു പ്രധാന വിപണികള്‍.
ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കയറ്റുമതിയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കുമെന്നാണ് സൂചന. പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി സഹ-യോജന (പി.എം.എം.കെ.എസ്.എസ്.വൈ) പ്രാഥമികമായ മത്സ്യോൽപാദനത്തിനും അതുവഴി കയറ്റുമതി ലഭ്യതയ്ക്കും അനുകൂലമാകും. ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പാലഭ്യതയിലൂടെ മത്സ്യത്തൊഴിലാളികള്‍, വിതരണക്കാര്‍, സൂക്ഷ്മ-ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് നേട്ടമാകും. അസംസ്കൃത വസ്തുക്കള്‍ മുതല്‍ ഉൽപന്നങ്ങള് വരെയുള്ള മൂല്യ ശൃംഖലയ്ക്കും വിപണി വികസനത്തിനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.
സുസ്ഥിരമായ മത്സ്യബന്ധന സമ്പ്രദായങ്ങള്‍, ഉൽപന്ന മൂല്യവത്കരണം, വൈവിധ്യവത്കരണം, അധിക ഉൽപാദനം എന്നിവയിലൂടെ പുതിയ ഉയരങ്ങളിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയര്മാന് ഡി.വി. സ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.