െഎ.ഒ.ആർ രാജ്യങ്ങൾക്ക് ആയുധങ്ങൾ നൽകാൻ ഇന്ത്യ തയാർ –രാജ്നാഥ് സിങ്
text_fieldsബംഗളൂരു: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ (ഐ.ഒ.ആര്) രാജ്യങ്ങള്‍ക്ക് മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 'എയ്റോ ഇന്ത്യ-2021'െൻറ ഭാഗമായി ബംഗളൂരുവില്‍ നടന്ന ഐ.ഒ.ആര് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ.ഒ.ആര് രാജ്യങ്ങളില്‍ പലതും പ്രതിരോധരംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഐ.ഒ.ആർ രാജ്യങ്ങൾ ഒന്നിച്ചുചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനാകും. മേഖലയിലെ മറ്റു രാജ്യങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ട് പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
മിസൈലുകള്‍, ലഘു യുദ്ധവിമാനം-ഹെലികോപ്റ്റര്‍, വിവിധോദ്ദേശ്യ ലഘു വിമാനം, യുദ്ധക്കപ്പല്‍, ടാങ്കുകള്‍, റഡാറുകള്‍, സൈനിക വാഹനങ്ങള്‍, വൈദ്യുത യുദ്ധ സംവിധാനം തുടങ്ങിയവ നല്‍കാനാണ് ഇന്ത്യ സന്നദ്ധമായിട്ടുള്ളത്.
വിദേശ കമ്പനികള്‍ക്ക് ആകര്‍ഷകമായ അവസരങ്ങളാണ് ഇന്ത്യന്‍ എയ്റോ സ്പേസും പ്രതിരോധ വ്യവസായങ്ങളും ഒരുക്കുന്നത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ഭീകരവാദത്തിനെതിരെ കൈകോര്‍ക്കുകയും വേണം. ഒരു രാജ്യത്തിനുനേരെയുള്ള ഭീഷണി പിന്നീട് മറ്റു രാജ്യത്തിന് നേരെയാകാമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
'എയ്റോ ഇന്ത്യ'യുടെ രണ്ടാം ദിനത്തിൽ നടന്ന ഐ.ഒ.ആർ കോൺക്ലേവിൽ 27 ഐ.ഒ.ആര് രാജ്യങ്ങളിലെ പ്രതിനിധികളാണ് നേരിട്ടും വെർച്വലായും പങ്കെടുത്തത്. പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്, നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, കരസേന മേധാവി എം.എം നരവനെ തുടങ്ങിയവര്‍ പങ്കെടുത്തു.
156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതിചെയ്യാൻ അനുമതി
ബംഗളൂരു: സൗഹൃദരാജ്യങ്ങൾക്കായി ലഘു യുദ്ധവിമാനമായ തേജസ്സ് ഉൾപ്പെടെ 156 പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതിചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. തേജസ്സിനു പുറമെ പീരങ്കി, തോക്കുകൾ, സ്ഫോടകവസ്തു, ടാങ്കുകൾ, മിസൈലുകൾ, ടാങ്ക് തുടങ്ങിയ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനാണ് അനുമതി.
19 വ്യോമ സംവിധാനങ്ങൾ, 16 ന്യൂക്ലിയർ-ബയോളജിക്കൽ-കെമിക്കൽ ഉപകരണങ്ങൾ, 41 ആയുധ-യുദ്ധ സംവിധാനങ്ങൾ, 28 നാവിക സംവിധാനങ്ങൾ, 27 ഇലക്ട്രോണിക്, ആശയവിനിമയ സംവിധാനങ്ങൾ, 10 ജീവൻ രക്ഷ ഉപകരണങ്ങൾ, നാല് മിസൈൽ സംവിധാനങ്ങൾ, നാല് മൈക്രോ ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റു ഏഴു വസ്തുക്കൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഡി.ആർ.ഡി.ഒ ആണ് ഇതുസംബന്ധിച്ച പട്ടിക പുറത്തുവിട്ടത്. പ്രതിരോധ ഉൽപാദന കയറ്റുമതി നയം-2020 അനുസരിച്ച് 2025ഒാടെ 35,000 കോടിയുടെ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കയറ്റുമതി വർധിപ്പിക്കുന്നതിനും സ്വാശ്രയത്തിനായി ആഭ്യന്തര പ്രതിരോധവ്യവസായം കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ നയം 1,75,000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വ്യവസായത്തിൽനിന്നുള്ള ആഭ്യന്തര സംഭരണം ഇരട്ടിയാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.