ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ റാംസർ സൈറ്റുകൾ ഇന്ത്യയിൽ; പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം സൂചിപ്പിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ റാംസർ സൈറ്റുകളുള്ള രാജ്യമായി ഇന്ത്യ മാറിയത് സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിലും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിലുമുള്ള പൗരന്മാരുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ രണ്ട് തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളായി പ്രഖ്യാപിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ഖിജാദിയ വന്യജീവി സങ്കേതവും ഉത്തർപ്രദേശിലെ ബഖീര വന്യജീവി സങ്കേതവുമാണ് പുതുതായി ഇന്ത്യയിൽ നിന്ന് റാംസർ സൈറ്റുകളായി പ്രഖ്യാപിക്കപ്പെട്ട തണ്ണീർത്തടങ്ങൾ.
തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ യുക്തിസഹമായ ഉപയോഗവും ലക്ഷ്യം വെച്ച് 1971 ഫെബ്രുവരി രണ്ടിന്ന് നടന്ന അന്താരാഷ്ട്ര ഉടമ്പടിയാണ് റാംസർ കൺവെൻഷൻ. ഈ ഉടമ്പടിയിലൂടെ 476,000 ഏക്കറിലധികം തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. തണ്ണീർത്തടങ്ങുടെ യുക്തിസഹമായ ഉപയോഗത്തെ പോത്സാഹിപ്പിക്കുക, അന്തർദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ പട്ടികപ്പെടുത്തുക, തണ്ണീർത്തട സംരക്ഷണത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പു വരുത്തുക , തുടങ്ങിയ മൂന്ന് അടിസ്ഥാന ധർമ്മങ്ങളാണ് റാംസർ കൺവെൻഷനുള്ളത്. ലോകവ്യാപകമായി റാംസർ സൈറ്റുകൾ പ്രഖ്യാപിച്ച് ഇവർ തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നു.
ഇതുവരെ റാംസർ കൺവെൻഷന്റെ കീഴിൽ ഇന്ത്യയിൽ 6,77,131 ഹെക്ടർ വിസ്തീർണ്ണമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള 47 തണ്ണീർത്തടങ്ങൾ റാംസർ സൈറ്റുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.