കോവിഡ് ആധിയിൽ മുങ്ങി രാജ്യം; രക്ഷതേടി അതിസമ്പന്നർ സ്വകാര്യ വിമാനങ്ങളിൽ നാടുവിടുന്നു
text_fieldsന്യൂഡൽഹി: രണ്ടാം തരംഗത്തിൽ കോവിഡ് ബാധ ചരിത്രം കാണാത്ത വേഗത്തിൽ കുതിക്കുകയും വിമാന സർവീസുകൾ നിലത്തിറങ്ങുകയും ചെയ്തതോടെ രോഗത്തിൽനിന്ന് രക്ഷതേടി സ്വന്തം വിമാനങ്ങളിലും വാടകക്കെടുത്തും വിദേശങ്ങളിലേക്ക് പറന്ന് അതിസമ്പന്നർ. ആഴ്ചകളായി ഇന്ത്യ കോവിഡ് ബാധിതരുടെ കണക്കുകളിൽ ലോകത്ത് ഒരു രാജ്യവും തൊട്ടിട്ടില്ലാത്ത റെക്കോഡുകൾ കടന്ന് പിന്നെയും മുന്നോട്ടാണ്. ആശുപത്രികൾ മതിയാകാതെ വരികയും ശ്മശാനങ്ങളിൽ ഒഴിവില്ലാതാകുകയും ഓക്സിജൻ ഉൾപെടെ അവശ്യ സേവനങ്ങൾക്ക് പോലും ഗുരുതര പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്യുന്നത് രാജ്യത്തെ മുനയിൽ നിർത്തുന്നു. ഞായറാഴ്ച മാത്രം 349,691 ആയിരുന്നു പുതിയ രോഗികൾ. മരണം 2,767ഉം.
ലോകം സഹായവുമായി ഇന്ത്യയിലേക്ക് കൈയഴച്ചു തുടങ്ങിയ ഘട്ടത്തിൽ നാടുവിടുന്ന അതിസമ്പന്നരുടെ എണ്ണം അതിവേഗം കുതിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. സ്വകാര്യ ജെറ്റുകൾ വാടകക്കെടുക്കുന്നവരുടെ എണ്ണം 'ഭ്രാന്തമാംവിധം കൂടിവരുന്നതായി' ചാർട്ടർ വിമാന സേവന ദാതാക്കളായ എയർ ചാർട്ടർ സർവീസ് ഇന്ത്യ വക്താവിനെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മാത്രം കമ്പനിയുടെ 12 സർവീസുകളാണ് ദുബൈയിലേക്ക് നിറയെ യാത്രക്കാരുമായി പോയതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ടും പറയുന്നു. ചാർട്ടർ സേവനങ്ങൾ ആവശ്യപ്പെട്ട് 'എൻത്രാൾ ഏവിയേഷനും' ലഭിച്ചത് നിരവധി അന്വേഷണങ്ങൾ. യാത്രക്കാരുടെ ആവശ്യം കൂടിയതോടെ വിദേശങ്ങളിൽനിന്ന് വിമാനങ്ങൾ എത്തിച്ച് ആവശ്യം പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് ചാർട്ടർ സ്ഥാപനങ്ങൾ.
13 സീറ്റുള്ള വിമാനം മുംബൈയിൽനിന്ന് ദുബൈയിലേക്ക് 38,000 ഡോളറാണ് (28.45 ലക്ഷം രൂപ) നിരക്ക് ഇൗടാക്കുന്നത്. ആറു സീറ്റുള്ള വിമാനമാകുേമ്പാൾ 31,000 ഡോളറും (23.20 ലക്ഷം രൂപ). തുക എത്രയായാലും ഇന്ത്യ വിട്ടാലേ രക്ഷയുള്ളൂവെന്ന് ഇവർ കരുതുന്നു.
സംഘങ്ങളായി സ്വയം ചേർന്ന് വിമാനങ്ങൾ ഒന്നായി വാടകക്കെടുത്ത് ദുബൈയിലേക്കും തായ്ലൻഡിലേക്കും മറ്റും നാടുപിടിക്കുന്നത് കൂടിവരികയാണ്.
സൺഡെ ടൈംസ് റിപ്പോർട്ട് പ്രകാരം 24 മണിക്കൂറിനിടെ മാത്രം എട്ടു സ്വകാര്യ വിമാനങ്ങളാണ് ബ്രിട്ടനിലേക്ക് പറന്നത്. ഒമ്പതുമണിക്കൂർ യാത്രക്ക് 138,000 േഡാളർ (1.03 കോടി രൂപ) ആണ് ഇത്തരം വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള നിരക്ക്. ഇതും ഇതിലേറെയും നൽകിയാലും കോവിഡിൽനിന്ന് രക്ഷപ്പെടാൻ മറ്റു വഴിയില്ലെന്നാണ് അതിസമ്പന്നരുടെ കാഴ്ചപ്പാട്.
രാജ്യത്ത് കോവിഡ് ബാധ എല്ലാ നിയന്ത്രണങ്ങളും വിട്ട് കുതിക്കുകയാണ്. മരണത്തോട് മല്ലിട്ട് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ആശുപത്രിയിൽ ലഭ്യമാകേണ്ട അവശ്യ മരുന്നുകൾ കരിഞ്ചന്തയിൽ കൊല്ലുംവിലക്ക് സുലഭമാകുന്നതും പുതിയ കാഴ്ച. ഇതിനിടെയാണ് സമ്പന്നരുടെ നാടുവിടൽ മാമാങ്കം.
വിവിധ രാജ്യങ്ങൾ ഇന്ത്യക്ക് ഓക്സിജൻ സിലിണ്ടർ നൽകിയും മറ്റു അവശ്യ വസ്തുക്കൾ അയച്ചും സഹായവുമായി രംഗത്തുണ്ട്. ''ഇന്ത്യൻ ജനതക്കൊപ്പമാണ് ഞങ്ങളുടെ വികാരമെന്ന്' യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കെൻ ട്വിറ്ററിൽ കുറിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.