വിജയ് മല്യ, ഖലിസ്ഥാൻ വിഷയങ്ങൾ ഇന്ത്യ എക്കാലത്തും ഉയർത്തിക്കാട്ടുന്നതാണ് -വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: സാമ്പത്തി ക്രമക്കേടുകളിൽപെട്ട് ഒളിച്ചോടിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ദേശവിരുദ്ധ നിലപാടുകൾ പുലർത്തുന്ന വ്യക്തികളിൽ നിന്ന് ഉണ്ടാകാവുന്ന സുരക്ഷാ ആശങ്കകളും ഇന്ത്യ ആവർത്തിച്ച് ഉയർത്തിക്കാട്ടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി നടത്തുന്ന ചർച്ചക്ക് മുന്നോടിയായി വിജയ് മല്യ, ഖലിസ്ഥാൻ പ്രശ്നങ്ങൾ ഇന്ത്യ ഉന്നയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.
മോദിയും ബോറിസ് ജോൺസനും തമ്മിലെ ചർച്ചയിൽ ഈ പ്രശ്നങ്ങൾ ഉയർന്നുവരുമെന്നോ അല്ലെങ്കിൽ ഏത് സന്ദർഭത്തിലായിരിക്കുമെന്നോ അറിയില്ലെന്ന് ബാഗ്ചി പറഞ്ഞു. അത് വിവിധ പ്ലാറ്റ്‌ഫോമുകളിലെ ചർച്ചകളുടെ ഭാഗമാണ്. ഇക്കാര്യങ്ങൾ എങ്ങനെ അല്ലെങ്കിൽ ഏത് സന്ദർഭത്തിൽ ചർച്ചയിൽ വരുമെന്ന് അറിയില്ല. അത് നേതാക്കൾക്ക് വിടണമെന്നാണ് ഞാൻ കരുതുന്നത്. ബോറിസ് ജോൺസന്‍റെ ഫലപ്രദമായ ഒരു സന്ദർശനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഞങ്ങൾ വളരെ വിജയകരമായി ഉച്ചകോടി നടത്തി. യോഗത്തിൽ നേതാക്കൾ എന്ത് ചർച്ച ചെയ്യുമെന്ന് ഊഹിക്കാനാവില്ല -ബാഗ്ചി വ്യക്തമാക്കി.
ബോറിസ് ജോൺസൻ ഇപ്പോൾ ഗുജറാത്തിലാണെന്നും ഗുജറാത്ത് സർക്കാർ വളരെ ഊഷ്മളമായ സ്വീകരണം നൽകിയിട്ടുണ്ടെന്നും ബാഗ്ചി പറഞ്ഞു. അദ്ദേഹം മുമ്പും ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഒരു പ്രധാനമന്ത്രി എന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണെന്നും അത് വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബാഗ്ചി വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ന് വൈകുന്നേരമാണ് ഡൽഹിയിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.