2021ൽ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ നടത്തിയത് 8700 കോടി ഡോളറിന്റെ വ്യാപാരം
text_fieldsബി.ജെ.പി നേതാക്കളുടെ പ്രവാചകനെ നിന്ദിച്ചുള്ള പ്രസ്താവന ഗൾഫ് രാജ്യങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ ഉൽപന്നങ്ങളുടെ ബഹിഷ്കരണം അടക്കമുള്ള ആഹ്വാനങ്ങളും മുഴങ്ങിക്കഴിഞ്ഞു.
കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, യു.എ.ഇ എന്നിവ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിലുമായുള്ള (ജി.സി.സി) ഇന്ത്യയുടെ വ്യാപാരം 2020-21ൽ 8700 കോടി ഡോളറാണ്. 676,200 കോടി ഇന്ത്യൻ രൂപ. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഈ രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. കൂടാതെ ദശലക്ഷക്കണക്കിന് ഡോളർ നാട്ടിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ഊർജ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സ് കൂടിയാണ് ഈ പ്രദേശം.
2014ൽ അധികാരത്തിൽ വന്നതു മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് മേഖലയിലെ സ്ഥിരം സന്ദർശകനാണ്. രാജ്യം യു.എ.ഇയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. വിപുലമായ കരാറിനായി ജി.സി.സിയുമായി ചർച്ച നടത്തിവരികയാണ്.
2018ൽ അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി പങ്കെടുത്തു. ഇന്ത്യയും മേഖലയും തമ്മിലുള്ള വളർന്നുവരുന്ന ബന്ധത്തിന്റെ ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യക്കെതിരായ അണിയിൽ ചേരാനുള്ള യു.എ.ഇയുടെ തീരുമാനം വളരെ പ്രധാനമാണ്. കുറച്ച് വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ബഹുരാഷ്ട്ര വേദികളിൽ യു.എ.ഇയും ഇന്ത്യയെ പിന്തുണച്ചിട്ടുണ്ട്.
യു.എ.ഇയുമായും മറ്റ് രാജ്യങ്ങളുമായും അടുത്തിടെ ഇന്ത്യ കൈവരിച്ച ചില നയതന്ത്ര വിജയങ്ങളെ പുതിയ വിവാദം മറികടക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യ ഒരു വിഷമകരമായ സാഹചര്യത്തിലാണെന്നും നേതൃത്വ തലത്തിൽ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയാൽ മാത്രമേ ഇപ്പോൾ സംഭവിച്ച വീഴ്ചക്ക് പരിഹാരം കാണാൻ കഴിയൂ എന്നും അറബ് ലോകത്ത് സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ നയതന്ത്രജ്ഞൻ അനിൽ ത്രിഗുണായത്ത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.