ശുഭസൂചനയാകുമോ? ജനുവരിയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.57 ശതമാനം, അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറുന്നുവെന്നതിന്റെ സൂചകമായി തൊഴിലില്ലായ്മ ജനുവരിയിൽ കുറഞ്ഞ നിരക്കിൽ. 6.57 ശതമാനമാണ് ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക്. 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണിത്. നഗരപ്രദേശങ്ങളിൽ 8.16 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഗ്രാമങ്ങളിൽ 5.84 ശതമാനവും.
ഒമിക്രോൺ വകഭേദ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തി രാജ്യം ക്രമേണ തിരിച്ചുവരവിന്റെ പാതയിലായതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാൻ കാരണമെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) പറഞ്ഞു.
ഡിസംബറിൽ രാജ്യത്ത് 7.91 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതിൽ നഗര പ്രദേശങ്ങളിൽ 9.30 ശതമാനവും ഗ്രാമങ്ങളിൽ 7.28 ശതമാനവും -സി.എം.ഐ.ഇ കണക്കുകൾ പറയുന്നു.
തെലങ്കാനയാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ സംസ്ഥാനം. ജനുവരിയിൽ 0.7ശതമാനമാണ് തെലങ്കാനയിലെ തൊഴിലില്ലായ്മ നിരക്ക്. ഗുജറാത്ത് (1.2 ശതമാനം), മേഘാലയ (1.5 ശതമാനം), ഒഡീഷ (1.8 ശതമാനം) എന്നിങ്ങനെയാണ് കണക്കുകൾ. ഹരിയാനയാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനം. 24.4ശതമാനമാണ് ഇവിടെ തൊഴിലില്ലായ്മ നിരക്ക്. രാജസ്ഥാനിൽ ഇത് 18.9 ശതമാനവും.
2021 ഡിസംബർ വരെ ഇന്ത്യയിലെ തൊഴിലില്ലാത്തവരുടെ എണ്ണം 5.3 കോടിയാണെന്ന് സി.എം.ഐ.ഇ അറിയിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളുമായിരുന്നു. 2021 ഡിസംബറിൽ 3.5 കോടി പേർ സജീവമായി തൊഴിൽ അന്വേഷിച്ചിരുന്നുവെന്നും ഇതിൽ 23 ശതമാനം അതായത് 80ലക്ഷം പേർ സ്ത്രീകളായിരുന്നുവെന്നും സി.എം.ഐ.ഇ എം.ഡിയും സി.ഇ.ഒയുമായിരുന്ന മഹേഷ് വ്യാസ് പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വൻതോതിൽ ഉയർന്നിരുന്നു. കഴിഞ്ഞവർഷം 20 ശതമാനത്തിന് മുകളിലായിരുന്നു തൊഴിലില്ലായ്മ നിരക്ക്. രാജ്യം നേരിടുന്ന ഏറ്റവും ഉയർന്ന വെല്ലുവിളിയായിരുന്നു തൊഴിലില്ലായ്മ നിരക്ക് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.