ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ ഇടംനേടി ഇന്ത്യയുടെ വടാപാവും
text_fieldsമുംബൈ: വടാപാവ് ഒരുപക്ഷെ നമ്മൾ മലയാളികൾക്ക് എല്ലാവർക്കും പരിചയമുള്ള ഭക്ഷണമാവില്ല. പക്ഷെ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈക്കാരെ സംബന്ധിച്ചിടത്തോളം വടാപാവിന് അവരുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ പോലും ഏറ്റവും ഇഷ്ട്ടപെട്ട ഭക്ഷണമാണ് വടാപാവ്. മുംബൈ സ്ട്രീറ്റ് ഫുഡിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ ഐറ്റത്തിന് വിദേശത്തും മറ്റും ആവശ്യക്കാരേറെയാണ്. ഇപ്പോഴിതാ ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിലും വടാപാവ് ഇടംപിടിച്ചു. നിലവിലെ റാങ്കിംഗ് അനുസരിച്ച് 19-ാം സ്ഥാനമാണ് ഈ വിഭവത്തിന്. ബാൻ മി, ടോംബിക് ഡോണർ, ഷവർമ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്ത്.
മൃദുവായ റൊട്ടിയിൽ ബേസാൻ ബാറ്ററിൽ പൊതിഞ്ഞ മസാലകളും ഉരുളക്കിഴങ്ങിൽ ഉണ്ടാക്കിയ വറുത്ത വടയും വെളുത്തുള്ളിയും ചട്നികളും ഉപയോഗിച്ചാണ് വടാപാവ് ഉണ്ടാക്കുന്നത്.
1970-80 കാലഘട്ടത്തിലാണ് വടാപാവ് ശ്രദ്ധേയമാകുന്നത്. നിരവധി സമരങ്ങളാൽ മുംബൈ പ്രക്ഷുബ്ധമായ കാലം കൂടിയായിരുന്നു ഇത്. അത് ഒടുവിൽ പല ടെക്സ്റ്റൈൽ മില്ലുകളും അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. തൽഫലമായി അക്കാലത്തെ നിരവധി മുൻ മിൽ തൊഴിലാളികൾ സ്വന്തമായി വടപാവ് സ്റ്റാളുകൾ തുറന്നു. വളരെ പെട്ടെന്നാണ് വടാപാവ് പ്രസിദ്ധിയാർജിച്ചത്. ദാദർ റെയിൽവേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനിൽ നിന്നാണ് ഈ തെരുവ് ഭക്ഷണം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇത് പിന്നീട് തൊഴിലാളി വർഗത്തിന്‍റെ ലഘുഭക്ഷണമായി അംഗീകരിക്കപ്പെട്ടു തുടങ്ങി. തിരക്കേറിയ ലോക്കൽ ട്രെയിനുകളിലെ ദീർഘമായ യാത്രകൾക്കിടയിൽ വടാപാവ് സ്ഥിരമായ ഭക്ഷണമായി മാറി. ഉണ്ടാക്കാൻ എളുപ്പവും വിലകുറഞ്ഞതും കഴിക്കാൻ സൗകര്യപ്രദവുമായതിനാൽ തന്നെ ഇതിന്‍റെ ജനപ്രീതി കുതിച്ചുയരാൻ കാരണമായി.
മുമ്പ് ലോകത്തിലെ ഏറ്റവും മികച്ച അരിയായി ഇന്ത്യയുടെ ബസ്മതി അരിയും, ലോകത്തിലെ ഏറ്റവും മികച്ച പാലുൽപ്പന്ന പാനീയമായി മാംഗോ ലസ്സിയും ടേസ്റ്റ് അറ്റ്‌ലസിന്‍റെ പട്ടികയിൽ ഇടംനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.