ഐ.ഐ.ടി കാൺപുരിന് ഈ പൂർവ വിദ്യാർഥി നൽകിയത് 100 കോടി രൂപ
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാണ്‍പുരിന് പൂർവ വിദ്യാർഥിയുടെ വക 100 കോടി രൂപ സംഭാവന. ഐ.ഐ.ടി കാൺപുർ പൂർവ വിദ്യാർഥിയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സഹസ്ഥാപകനുമായ രാകേഷ് ഗങ്‌വാള്‍ ആണ് ഇത്രയും ഭീമമായ തുക സംഭാവന ചെയ്ത് ഞെട്ടിച്ചത്.
രണ്ട് വർഷത്തെ കാലാവധിയിലാണ് മുഴുവൻ തുകയും കൈമാറുക. നിലവിൽ വലിയൊരു ശതമാനം തുക ലഭിച്ചതായി ഐ.ഐ.ടി അധികൃതർ വ്യക്തമാക്കി. ഐ.ഐ.ടിയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ വികസനത്തിനായാണ് ഈ തുക ഉപയോഗപ്പെടുത്തുക. ഐ.ഐ.ടി കാണ്‍പുര്‍ ഡയറക്ടര്‍ അഭയ് കരംദികര്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
കരാർ ഒപ്പുവെക്കും മുമ്പ് തന്നെ ഡിസംബറിൽ രാകേഷ് ഗങ്‌വാള്‍ ഏഴ് കോടി രൂപ കൈമാറിയിരുന്നു. രാജ്യത്തെ മറ്റൊരു ഐ.ഐ.ടിയിലും ഇല്ലാത്ത സൗകര്യങ്ങളാണ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഒരുക്കുകയെന്ന് അഭയ് കരംദികര്‍ പറഞ്ഞു. 450 ബെഡുകളുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും 50 ബെഡുകളുള്ള കാൻസർ കെയർ സെന്ററും മെഡിക്കൽ സയൻസും എൻജിനീയറിങും സംയുക്തമായുള്ള എട്ട് മികവിന്റെ കേന്ദ്രങ്ങളുമൊക്കെ അടങ്ങുന്നതാണ് പദ്ധതി.
600 കോടിയാണ് പദ്ധതിയുടെ ചെലവ്. ഇതിൽ 300 കോടിയിലേറെ പൂർവ വിദ്യാർഥികളുടെ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും മാസങ്ങൾക്കുള്ളിൽ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും. 2025നുള്ളിൽ പദ്ധതി പൂർണ സജ്ജമാകുമെന്നും അഭയ് കരംദികര്‍ പറഞ്ഞു.
വിവിധ മേഖലകളിലായി ആയിരക്കണക്കിന് പ്രതിഭകളെ സംഭാവന ചെയ്ത ഐ.ഐ.ടി കാണ്‍പുരിന്റെ പൈതൃകത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് രാകേഷ് ഗങ്‌വാള്‍ പറഞ്ഞു. എന്നത്തേക്കാള്‍ കൂടുതല്‍ ആരോഗ്യ സംരക്ഷണം സാങ്കേതിക മുന്നേറ്റങ്ങളുമായി ഇഴചേര്‍ന്നിരിക്കുന്നു. സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആരോഗ്യ സംരക്ഷണത്തിലെ നവീകരണത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2005ല്‍ ആണ് രാഹുല്‍ ഭാട്ടിയയും രാകേഷ് ഗങ്‌വാളും ചേര്‍ന്ന് ഇന്‍ഡിഗോ എയർലൈന്‍സ് സ്ഥാപിക്കുന്നത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയിലൊന്നാണ് ഇന്‍ഡിഗോ എയർലൈന്‍സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.