ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര വിലക്കിയ സംഭവം; ഇൻഡിഗോക്ക് അഞ്ച് ലക്ഷം രൂപ പിഴ
text_fieldsന്യൂഡൽഹി: ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ യാത്ര ചെയുന്നത് വിലക്കിയ സംഭവത്തിൽ ഇൻഡിഗോ എയർലൈനിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇൻഡിഗോയിലെ ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയോട് വളരെ മോശമായാണ് പെരുമാറിയതെന്നും ഇതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ കാരണമായതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഡി.ജി.സി.എ അറിയിച്ചു.
കുട്ടിയോട് സ്നേഹത്തോടെ പെരുമാറിയിരുന്നെങ്കിൽ കുട്ടി ശാന്തനാവുകയും യാത്രാനുമതി നിഷേധിക്കുന്ന കടുത്തനടപടി ഒഴിവാക്കാമായിരുന്നെന്നും ഡി.ജി.സി.എയുടെ പ്രസ്താവനയിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനായി വ്യവസ്ഥകൾ പുനപരിശോധിക്കുമെന്നും മാറ്റങ്ങൾ കൊണ്ടുവരുമെന്നും റെഗുലേറ്റർ അറിയിച്ചു.
എന്നാൽ കുട്ടി പരിഭ്രമത്തിലായിരുന്നെന്നും മറ്റുള്ള യാത്രക്കാരുടെ സുരക്ഷയെയും സുഗമമായ യാത്രയും കണക്കിലെടുത്താണ് ഇത്തരമൊരു കടുത്ത നടപടിയെടുക്കാൻ ജീവനക്കാർ നിർബന്ധിതരായതെന്നുമായിരുന്നു ഇൻഡിഗോയുടെ വാദം.
മേയ് ഏഴിന് മാതാപിതാക്കളോടപ്പം റാഞ്ചി വിമാനത്താവളത്തിലെത്തിയ ഭിന്നശേഷിയുള്ള കുട്ടിക്ക് ഇൻഡിഗോ ജീവനക്കാർ വിമാനത്തിൽ യാത്രചെയ്യുന്നതിന് അനുവാദം നിഷേധിക്കുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ മറ്റൊരു യാത്രക്കാരി കുട്ടിക്കും മാതാപിതാക്കൽക്കും നേരിടേണ്ടി വന്ന ദുരനുഭവം സാമൂഹ്യമാധ്യത്തിലൂടെ പങ്കുവെച്ചു. ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധം ശക്തമായതോടെ ഇൻഡിഗോ സി.ഇ.ഒ റോണോജോയ് ഗുപ്ത വിശദീകരണവുമായി രംഗത്തെത്തി. വ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യയും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.