വിമാനം പുറപ്പെടുന്നത് വൈകുമെന്ന് അറിയിച്ച ഇൻഡിഗോ പൈലറ്റിന് യാത്രക്കാരന്‍റെ മർദനം -വിഡിയോ
text_fieldsന്യൂഡൽഹി: കനത്ത മൂടൽമഞ്ഞു കാരണം വിമാനം പുറപ്പെടുന്നത് വൈകുമെന്ന് അറിയിച്ച പൈലറ്റിന് യാത്രക്കാരന്‍റെ മർദനം. ഡൽഹിയിൽനിന്ന് ഗോവയിലേക്ക് പറക്കുന്ന ഇൻഡിഗോയുടെ 6ഇ-2175 നമ്പർ വിമാനത്തിലെ പൈലറ്റിനാണ് മർദനമേറ്റത്.
മൂടൽമഞ്ഞുകാരണം വിമാനം പുറപ്പെടുന്നത് മണിക്കൂറുകൾ വൈകിയിരുന്നു. സാഹിൽ കടാരിയയാണ് പൈലറ്റിനെ മർദിച്ചത്. യാത്രക്കാരനെതിരെ ഇൻഡിഗോ പരാതി നൽകി. മർദിക്കുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാവിലെ 7.40 ആണ് വിമാനം പുറപ്പെടാൻ നിശ്ചയിച്ച സമയം. എന്നാൽ മൂടൽമഞ്ഞ് മൂലം പുറപ്പെടുന്നത് മണിക്കൂറുകൾ വൈകി.
വൈകിയതോടെ പുതിയ കാബിൻ ക്രൂവായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിനിടെ പുതിയ പൈലറ്റ് വിമാനം പുറപ്പെടുന്നത് ഉച്ചക്ക് 2.30ലേക്ക് മാറ്റിയതായി യാത്രക്കാരെ മൈക്കിലൂടെ അറിയിച്ചു. ഈസമയം വിമാനത്തിന്‍റെ പിൻസീറ്റിലിരുന്ന മഞ്ഞ ടീ ഷർട്ട് ധരിച്ച സാഹിൽ മുന്നോട്ടുവന്ന് പൈലറ്റിനെ മർദിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരും ഏതാനും യാത്രക്കാരും ഇടപെട്ടാണ് സാഹിലിനെ പിന്തിരിപ്പിച്ചത്.
പിന്നീട് യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയും എയർപോർട്ട് സുരക്ഷ ജീവനക്കാർക്ക് കൈമാറുകയും ചെയ്തു. വിമാനം പുറപ്പെടാൻ വൈകുമെന്ന് പൈലറ്റ് അറിയിക്കുന്നതിനിടെ യാത്രക്കാരൻ ഓടിവന്ന് പൈലറ്റിനെ അടിക്കുന്നതും ജീവനക്കാർ തടയുന്നതും വിഡിയോയിൽ കാണാം. യാത്രക്കാരന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.
മൂടൽമഞ്ഞ് കാരണം വിമാനം വൈകുന്നതിന് പൈലറ്റ് എന്തു പിഴച്ചെന്നാണ് ഇവരെല്ലാം ചോദിക്കുന്നത്. പ്രതികൂല കാലാവസ്ഥ കാരണം ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങളാണ് ഞായറാഴ്ച മണിക്കൂറുകൾ വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.