‘ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി വധങ്ങൾ അപകടങ്ങളായിരുന്നു’; വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മന്ത്രി
text_fieldsഡെറാഡൂൺ: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി വധങ്ങൾ അപകടങ്ങളായിരുന്നുവെന്നും ഉത്തരാഖണ്ഡ് കൃഷി മന്ത്രി ഗണേഷ് ജോഷി.
‘രാഹുലിന്‍റെ ബൗദ്ധിക നിലവാരത്തിൽ സഹതാപമുണ്ട്. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവർ രക്തസാക്ഷികളാണ്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്’ -മന്ത്രി പറഞ്ഞു.
ഒരാൾക്ക് അയാളുടെ ബൗദ്ധിക നിലവാരം അനുസരിച്ച് മാത്രമേ സംസാരിക്കാൻ കഴിയൂവെന്നു പറഞ്ഞ് രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപന റാലിയിൽ രാഹുൽ നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സമാധാനപരമായി യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞതിൽ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു-കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നെങ്കിൽ, രാഹുൽ ഗാന്ധിക്ക് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ല. ജമ്മു-കശ്മീരിൽ അക്രമം രൂക്ഷമായിരുന്ന സമയത്ത് ലാൽ ചൗക്കിൽ ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി ത്രിവർണ പതാക ഉയർത്തിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ, ശ്രീനഗറിൽ യാത്രയുടെ സമാപനത്തിൽ രാഹുൽ ഇന്ദിരയുടെയും രാജീവിന്റെയും രക്തസാക്ഷിത്വത്തെ കുറിച്ച് സംസാരിച്ചിരുന്നു. കർഷക ക്ഷേമ, ഗ്രാമ വികസന വകുപ്പുകളുടെയും ചുമതല വഹിക്കുന്നത് ഗണേഷ് ജോഷിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.