കൈലാഷ് വിജയ്‍വർഗീയക്കെതിരായ പെൻഷൻ അഴിമതിക്കേസ് അവസാനിപ്പിച്ചു
text_fieldsഭോപ്പാൽ: ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‍വർഗീയക്കെതിരായ പെൻഷൻ അഴിമതിക്കേസ് ഇന്ദോറിലെ സ്പെഷൽ കോടതി അവസാനിപ്പിച്ചു. വിജയ്‍വർഗീയയെയും മറ്റ് പ്രതികളെയും വിചാരണ ചെയ്യാൻ 17 വർഷമായി മധ്യപ്രദേശ് സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് കേസ് അവസാനിപ്പിച്ചത്.
പരാതിക്കാരനായ കോൺഗ്രസ് മീഡിയ വിഭാഗം മേധാവി കെ.കെ. മിശ്ര, വിജയ്‍വർഗീയയെ വിചാരണ ചെയ്യാൻ അനുമതി നൽകാത്തതിനെതിരെ ഹൈകോടതിയെ സമീപിക്കും.
വിജയ്‍വർഗീയ ഇന്ദോർ മേയറായിരുന്ന 2000നും 2005നും ഇടയ്ക്ക് നഗരസഭയുടെ പെൻഷൻ വിതരണത്തിൽ അഴിമതി കാട്ടിയെന്നാണ് കേസ്. ദേശസാത്കൃത ബാങ്കുകൾക്കും പോസ്റ്റ് ഓഫിസുകൾക്കും പകരം സഹകരണ സ്ഥാപനങ്ങളെയാണ് പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തിയത്. പെൻഷന് യോഗ്യതയില്ലാത്തവർക്കും മരിച്ചവർക്കും നിലവിലില്ലാത്ത ആളുകൾക്ക് പോലും പെൻഷൻ നൽകിയെന്നും ഇതുവഴി 33 കോടി രൂപയുടെ അഴിമതി കാട്ടിയെന്നുമാണ് കേസ്.
എം.പിമാരുടെയും എം.എൽ.എമാരുടെയും കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസ് അവസാനിപ്പിച്ചത്. സർക്കാർ അനുമതി നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. പരാതിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്നും പ്രത്യേക കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.