അഗതികളെ നഗരത്തിന് വെളിയിൽ തള്ളി; ദൈവത്തോട് മാപ്പുചോദിച്ച് ഇൻഡോർ ജില്ല മജിസ്ട്രേറ്റ്
text_fieldsഇന്ദോർ: നഗരത്തിലെ തെരുവോരങ്ങളിൽ കഴിഞ്ഞുപോന്ന അവശരായ വയോധികരെ മാലിന്യവണ്ടിയിൽ കയറ്റി മറ്റൊരു ഗ്രാമത്തിൽ കൊണ്ടുപോയി തള്ളിയ നടപടിയിൽ ദൈവത്തോട് മാപ്പുപറഞ്ഞ് ജില്ല മജിസ്ട്രേറ്റ്.
ആരു ചെയ്ത തെറ്റാണെങ്കിലും ഉദ്യോഗസ്ഥർ എന്ന നിലയിൽ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാവില്ലെന്നും ഈ പിഴവിന് ദൈവത്തോട് മാപ്പുചോദിക്കുന്നതായും ജില്ല മജിസ്ട്രേറ്റ് മനീഷ് ശുക്ല പറഞ്ഞു.
ഏറ്റവും വൃത്തിയേറിയ നഗരം എന്ന ദേശീയ ബഹുമതി നാലുതവണ സ്വന്തമാക്കിയത് നിലനിർത്താനുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് അഗതികളും അനാഥരുമായ വയോധികരെ അതിർത്തിക്കു പുറത്തുകൊണ്ടുപോയി തള്ളിയത്.
വെള്ളിയാഴ്ച ഉച്ചക്ക് നടന്ന ഈ സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെ പലരും പ്രതിഷേധമുയർത്തിയിരുന്നു. ഉത്തരവാദികളായ നഗരസഭ ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉത്തരവിടുകയും ചെയ്തു.
പ്രതിഷേധത്തെ തുടർന്ന് ചിലരെ നഗരത്തിലേക്ക് തിരിച്ചെത്തിച്ച് അഗതി മന്ദിരങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. എന്നാൽ, 15 പേരെ ബലം പ്രയോഗിച്ച് കൊണ്ടുപോയെങ്കിലും നാലുപേരെ മാത്രമാണ് തിരികെയെത്തിച്ചതെന്ന് കോൺഗ്രസ് എം.എൽ.എ സഞ്ജയ് ശുക്ല ആരോപിച്ചു.
സംഭവത്തിൽ വിശദ അന്വേഷണം നടത്തിവരുകയാണെന്ന് അഡീ.നഗരസഭ കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.