ഗൗരിലങ്കേഷിന് നക്സലെറ്റുകളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി സഹോദരൻ
text_fieldsബംഗളുരൂ: കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നക്സലെറ്റുകളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ്. നക്സലേറ്റുകളെ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൗരി ലങ്കേഷ് പ്രവർത്തിച്ചിരുന്നു. ഗൗരിയുടെ സ്വാധീനത്താൽ പലരും തീവ്രവാദം ഉപേക്ഷിക്കാനും തയാറായി. ഇതിൽ നക്സലേറ്റുകൾക്ക് ഗൗരിയോട് ദ്യേഷ്യം ഉണ്ടായിരുന്നതായും ഇത് പ്രകടമാക്കുന്ന കത്തുകൾ വന്നിരുന്നതായും ഇന്ദ്രജിത്ത്പറഞ്ഞു. ഈ വഴിക്കും പൊലീസിന്‍റെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ തന്നോടോ അമ്മയോടോ സഹോദരിയോടോ ഇക്കാര്യങ്ങൾ ഗൗരി വെളിപ്പെടുത്തിയിരുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഇന്ദ്രജിത്ത് വ്യക്തമാക്കി.
തങ്ങൾ തമ്മിൽ നിലപാടുകളിൽ വ്യത്യാസമുണ്ടായിരുന്നുവെങ്കിൽ പോലും തീപ്പൊരിയായിരുന്ന തന്‍റെ സഹോദരിയെ താൻ ആരാധിച്ചിരുന്നുവെന്നും ഇന്ദ്രജിത്ത് പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു.
താനും സഹോദരിയും തമ്മിൽ സ്വത്തുതർക്കം നിലനിൽക്കുന്നുണ്ടെന്ന വാർത്ത ഇന്ദ്രജിത്ത് നിഷേധിച്ചു. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതിനർഥം ഞങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധത്തിന് ഉലച്ചിൽ തട്ടിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഗൗരി ലങ്കേഷിന്‍റെ സാമൂഹ്യ പ്രവർത്തനത്തോടും നക്സലേറ്റ് അനുഭാവ നിലപാടുകളോടും ഇന്ദ്രജിത്തിന് താൽപര്യമുണ്ടായിരുന്നില്ല. ഇതിന്‍റെ പേരിൽ ഗൗരിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഇവരുടെ പിതാവും പ്രശസ്ത നാടകപ്രവർത്തകനുമായിരുന്ന ലങ്കേഷിന്‍റെ മരണശേഷം ഇദ്ദേഹം നടത്തിവന്ന ലങ്കേഷ് പത്രിക മക്കളാണ് ഏറ്റെടുത്തത്. ഇതിന്‍റെ എഡിറ്ററായി ഗൗരിയും പബ്ളിഷറായി ഇന്ദ്രജിത്തുമാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഗൗരിയുടെ തീപ്പൊരി നിലപാടുകളെ എതിർത്ത ഇന്ദ്രജിത്ത് ഗൗരിക്കെതിരെ പരസ്യമായിത്തന്നെ രംഗത്തെത്തി. പിന്നീട് നടന്ന നിയമയുദ്ധത്തിനൊടുവിൽ 2005ൽ 'ഗൗരി ലങ്കേഷ് പത്രിക' എന്ന് പേരിലുള്ള ടാബ്ളോയ്ഡ് ഗൗരി ആരംഭിച്ചു. 50 പേർ ചേർന്ന് ആരംഭിച്ച ഗൗരി ലങ്കേഷ് പത്രിക പരസ്യങ്ങൾ സ്വീകരിച്ചിരുന്നില്ല.
ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ കടുത്ത വിമര്‍ശക ആയിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെ ഇന്ത്യയൊട്ടാകെ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.