രാഹുൽ ബജാജ് അന്തരിച്ചു
text_fieldsമുംബൈ: വ്യവസായ പ്രമുഖനും ബജാജ് കമ്പനിയുടെ മുൻ ചെയർമാനുമായ രാഹുൽ ബജാജ് (84)അന്തരിച്ചു. ന്യൂമോണിയ, ഹൃദയരോഗങ്ങളെ തുടർന്ന് ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. പുണെയിലെ റൂബി ഹാൾ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു അന്ത്യം. 2001 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
1938 ജൂൺ 10ന് കൊൽക്കത്തയിലായിരുന്നു ജനനം. അമേരിക്കയിലെ ഹാർവഡ് ബിസിനസ് സ്കൂളിൽ നിന്നും എം.ബി.എ പഠന ശേഷം 1965ൽ ബജാജ് ഗ്രൂപ്പിന്റെ ഭാഗമായി. 72ൽ പിതാവ് കമൽനയൻ ബജാജിന്റെ മരണത്തോടെയാണ് കമ്പനിയുടെ ചെയർമാനായത്. ഓട്ടോമൊബൈൽ വ്യവസായത്തിനപ്പുറം കമ്പനിയെ വളർത്തുകയും ഇരുചക്ര വാഹന വിപണിയിൽ ചേതക്, കാവാസാക്കി തുടങ്ങി ജനപ്രിയ ബ്രാൻഡുകൾ അവതരിപ്പിക്കുകയും ചെയ്തു. 2005ൽ മകൻ രാജീവ് ബജാജിനെ മാനേജിംഗ് ഡയറക്ടറാക്കി കമ്പനിയുടെ അധികാര പദവികളൊഴിഞ്ഞു.
1986ൽ ഇന്ത്യൻ എയർലൈൻസ് ചെയർമാനായി. രണ്ടുതവണ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പ്രസിഡന്റുമായി. പിതാവ് കമൽനയനും ഇന്ദിര ഗാന്ധിയും സഹപാഠികളായിരുന്നു. ജവഹർലാൽ നെഹ്റുവാണ് രാഹുലെന്നു പേരിട്ടത്. നെഹ്റു കുടുംബത്തോടുള്ള സ്നേഹത്തിന്റെ അടയാളമായി രാഹുൽ ബജാജ് തന്റെ ആദ്യ മകന് രാജീവ് എന്നും പേരിട്ടു. മകന് രാഹുലെന്ന് പേരിട്ട് രാജീവ് ഗാന്ധിയും ബജാജ് കുടുംബവുമായുള്ള അടുപ്പം കൂട്ടി. 2006ൽ ബി.ജെ.പി, ശിവസേന, എൻ.സി.പി പാർട്ടികളുടെ പിന്തുണയിൽ രാജ്യസഭാംഗമായി. ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മരണത്തെ തുടർന്നുള്ള ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
പരേതയായ രൂപ ബജാജാണ് ഭാര്യ. മക്കൾ : രാജീവ്, സഞ്ജീവ്, മനീഷ്, ദീപ, ഷെഫാലി, സുനൈന. സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.