പാക് നുഴഞ്ഞുകയറ്റത്തെ ഇന്ത്യൻ സേന തകർക്കുന്നത് തെർമ്മൽ കാമറയുടെ സഹായത്തിൽ
text_fieldsന്യൂഡൽഹി: പാകിസ്താനിൽ നിന്ന് നിയന്ത്രണരേഖ വഴി ഇന്ത്യൻ ഭൂപ്രദേശത്തേക്കുള്ള നുഴഞ്ഞുകയറ്റം ഇന്ത്യൻ സൈന്യം കണ്ടെത്തുന്നത് തെർമ്മൽ കാമറയുടെ സഹായത്തിൽ. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പൂഞ്ചിൽ നടത്തിയ നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തിയത് അതിർത്തിയിൽ സ്ഥാപിച്ച തെർമ്മൽ കാമറ ഉപയോഗിച്ചാണ്.
പൂഞ്ചിലെ നിയന്ത്രണരേഖ വഴി തിങ്കളാഴ്ച ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്‍റെ തെർമ്മൽ കാമറകൾ പകർത്തിയ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു. ഇരുട്ടിന്‍റെ മറവിൽ വനത്തിലൂടെ രണ്ട് പേർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണിവ. പൂഞ്ച് വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരിൽ ഒരാളെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചിരുന്നു. ഇയാൾ ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീൻപ്പെട്ട ആളാണെന്ന് സൈന്യം അറിയിച്ചു.
അതിർത്തി പ്രദേശങ്ങളിൽ പെട്രോളിങ് നടത്തുന്ന സൈനികർക്ക് ഏറ്റവും ഉപകാരപ്രദമാണ് തെർമ്മൽ കാമറകൾ. ഈ കാമറകൾ പകർത്തുന്ന ദൃശ്യങ്ങളിൽ നിന്നാണ് നുഴഞ്ഞുകയറ്റ നീക്കങ്ങൾ സുരക്ഷാസേന തിരിച്ചറിയുന്നത്. തുടർന്നാണ് സേന പ്രതിരോധ നടപടികൾ സ്വീകരിക്കുക.
സൈന്യത്തിന്‍റെ തിരിച്ചടിയിൽ ഭീകരർ കൊല്ലപ്പെടുകയോ പിന്മാറുകയോ ചെയ്യും. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ പരിശീലനം നൽകിയാണ് നുഴഞ്ഞുകയറ്റക്കാരെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും നൽകി ഇന്ത്യയിലേക്ക് കടത്തിവിടുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.