വിലക്കയറ്റം: ജി.എസ്.ടി നിരക്ക് ഏകീകരണം തൽക്കാലമില്ല
text_fieldsന്യൂഡൽഹി: നാണ്യപ്പെരുപ്പവും വിലക്കയറ്റവും ജി.എസ്.ടി നിരക്ക് ഏകീകരണ ശ്രമം പൊളിച്ചു. 5, 12, 18, 28 എന്നീ നാലു സ്ലാബുകളിലാണ് നികുതി ഈടാക്കിവരുന്നത്. ഇത് മൂന്നു സ്ലാബുകളിലേക്ക് ഏകീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ ഏകദേശ ധാരണയായിരുന്നു. ചില ഇനങ്ങളുടെ നികുതി ഉയർത്തിയും മറ്റു ചിലതിന്റെ നികുതി താഴ്ത്തിയും മൂന്നു സ്ലാബായി കുറക്കാനായിരുന്നു പദ്ധതി.
എന്നാൽ, റെക്കോഡ് നാണ്യപ്പെരുപ്പത്തിനിടയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നാണ്യപ്പെരുപ്പവും വികസനാവശ്യങ്ങളും മുൻനിർത്തി കൂടുതൽ കടമെടുക്കേണ്ട എന്നും കേന്ദ്ര സർക്കാർ തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.
നടപ്പു സാമ്പത്തികവർഷത്തേക്ക് നിശ്ചയിച്ച വായ്പാലക്ഷ്യം അതേപടി തുടരും. ഇന്ധനവിലക്കയറ്റത്തെ തുടർന്ന് എക്സൈസ് ഡ്യൂട്ടി കുറച്ച വകയിൽ ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇത് കൂടുതൽ കടമെടുത്ത് പരിഹരിക്കാനായിരുന്നു ആദ്യനീക്കം.
കൂടുതൽ കടമെടുക്കില്ലെന്ന് തീരുമാനിച്ചതിനൊപ്പം ഓഹരി വിറ്റഴിക്കൽ നടപടിക്ക് വേഗം കൂട്ടാനും നിശ്ചയിച്ചു. അധിക വരുമാനം ഉണ്ടാക്കാൻ വഴിതേടുന്ന സർക്കാർ, ഹിന്ദുസ്ഥാൻ സിങ്ക് കമ്പനിയുടെ 29.5 ശതമാനം ഓഹരി വിറ്റ് 38,000 കോടി സമാഹരിക്കാൻ തീരുമാനിച്ചു.
കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ഇതുസംബന്ധിച്ച ശിപാർശ അംഗീകരിച്ചു. നടപ്പു വർഷംതന്നെ വിൽപന നടത്താനാണ് തീരുമാനം. വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനുമിടയിൽ ഓഹരിവിപണി തകർന്നുനിൽക്കുമ്പോൾതന്നെയാണ് തീരുമാനം.
അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പിന്റെ പക്കലാണ് ഹിന്ദുസ്ഥാൻ സിങ്കിന്റെ 65 ശതമാനത്തോളം ഓഹരി ഇപ്പോഴുള്ളത്.
നടപ്പു സാമ്പത്തിക വർഷം വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 65,000 കോടി സമാഹരിക്കാൻ കേന്ദ്രം നേരത്തേതന്നെ ലക്ഷ്യമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.