വിലക്കയറ്റം, ഗവർണറെ തിരിച്ചുവിളിക്കൽ, അടിച്ചമർത്തൽ; അടിയന്തര പ്രമേയവുമായി കേരള എം.പിമാർ
text_fieldsന്യൂഡൽഹി: അവശ്യവസ്തുക്കളുടെ ദിനംപ്രതിയുള്ള വിലക്കയറ്റം സാധാരണ ജനങ്ങളെ ദുസ്സഹമാക്കിയ സാഹചര്യത്തിലേക്ക് തള്ളിവിടുകയാണെന്നും അരിക്കും പയറുവർഗങ്ങൾക്കും പാലിനും വരെ ക്രമാതീതമായി വർധിക്കുന്ന വില സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബെന്നി ബെഹനാൻ, കെ. മുരളീധരൻ, അടൂർ പ്രകാശ്, ടി.എൻ. പ്രതാപൻ തുടങ്ങിയ കേരള എം.പിമാരാണ് ബുധനാഴ്ച സ്പീക്കർ ഓം ബിർളക്ക് നോട്ടീസ് നൽകിയത്.
ന്യൂനപക്ഷ സമുദായങ്ങൾ പ്രത്യേകിച്ച് മുസ്ലിം വിഭാഗം ഇന്ത്യയിൽ സുരക്ഷ പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പല തരത്തിൽ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ ജീവനും സ്വത്തും കടുത്ത ഭീഷണിയിലാണ്. മറ്റേതൊരു വിഷയത്തേക്കാളും ഈ വിഷയത്തിന് മുൻഗണന നൽകി പാർലമെന്റ് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ലീഗ് എം.പിമാർ ആവശ്യപ്പെട്ടു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം എം.പി എ.എം. ആരിഫും പി.എഫ് പെൻഷനുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പ്രത്യാഘാതങ്ങള്‍ സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രനും നോട്ടീസ് നല്‍കി.
കർണാടക, മഹാരാഷ്ട്ര അതിർത്തി തർക്കത്തിന്‍റെ തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങൾ അതീവ ഗുരുതരമായ അന്തർ സംസ്ഥാന ക്രമസമാധാന പ്രശ്നമായി വളരുന്നതും ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ വെറുപ്പും വിദ്വേഷവും ഉളവാകുന്ന സാഹചര്യം ഉരുത്തിരിയുന്നതും സംസ്ഥാന സർക്കാറുകൾ ഈ വിഷയം കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയും സംബന്ധിച്ച ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയും സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.