'രാമക്ഷേത്രം തകര്‍ത്ത് ബാബരി മസ്ജിദ് പണിയും'; രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പ്രചാരണം, യൂട്യൂബർക്കെതിരെ കേസെടുത്തു
text_fieldsബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർ അജീത് ഭാരതിക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. അയോധ്യയിലെ രാമക്ഷേത്രം തകർത്ത് പകരം ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന് രാഹുൽ പറഞ്ഞെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഇയാളുടെ വ്യാജപ്രചാരണം. കർണാടകയിലെ കോൺഗ്രസ് ലീഗൽ സെൽ സെക്രട്ടറി ബി.കെ. ബൊപ്പണ്ണയുടെ പരാതിയിലാണ് കേസെടുത്തത്.
സെക്ഷൻ 153എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 505 (2) (ശത്രുത, വിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജൂൺ 13നാണ് അജീത് ഭാരതി എക്സിൽ വിവാദ വിഡിയോ പങ്കുവെച്ചത്. 'രാമക്ഷേത്രം തകർത്ത് പകരം ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്' എന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ, മതവിദ്വേഷം പരത്താനും രാഹുലിനെ അപകീർത്തിപ്പെടുത്താനുമാണ് അജീത് ഭാരതിയുടെ ലക്ഷ്യമെന്നും രാഹുൽ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ബൊപ്പണ്ണ പരാതിയിൽ വ്യക്തമാക്കി.
രാമക്ഷേത്രം നീക്കം ചെയ്ത് ബാബരി മസ്ജിദ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി എപ്പോഴാണ് പറഞ്ഞതെന്ന് ഫാക്ട് ചെക്കറും മാധ്യമപ്രവർത്തകനുമായ സുബൈർ എക്സ് പോസ്റ്റിൽ ചോദിച്ചു. തങ്ങളെ ബി.ജെ.പി സംരക്ഷിക്കുമെന്ന് അറിയാവുന്നതിനാലാണ് ഇത്തരക്കാർ തെറ്റായ വിവരങ്ങൾ ആവർത്തിച്ച് പ്രചരിപ്പിക്കുന്നതെന്നും സുബൈർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.