മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സ്റ്റേയില്ല
text_fieldsന്യൂഡല്‍ഹി: മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാനുള്ള നിർദേശം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ മാര്‍ച്ച് 31- വരെ നടപടിയെടുക്കരുതെന്ന് നിർദേശം നല്‍കാനും കോടതി വിസമ്മതിച്ചു. എന്നാൽ, അവ ബന്ധിപ്പിക്കുന്നതിനുള്ള അവസാനതീയതി ടെലികോം കമ്പനികളും ബാങ്കുകളും ഉപയോക്താക്കളെ അറിയിക്കണം.
ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ മാസം അവസാനം ഭരണഘടനബെഞ്ച് പരിശോധിക്കുന്നതിനാൽ മൊബൈലുകളെയും ബാങ്ക് അക്കൗണ്ടുകളെയും ആധാറുമായി ബന്ധിപ്പിക്കുന്നതിെൻറ നിയമസാധുത സംബന്ധിച്ച വശത്തിലേക്ക് സുപ്രീംകോടതി കടന്നില്ല.
ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്ബന്ധമാക്കുന്നതിെൻറ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയ കാര്യം ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 31-ല്‍ നിന്ന് മാര്‍ച്ച് 31 വരെ നീട്ടിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്കിയ പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നതായി ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന് ബോധിപ്പിച്ചു. ആ നിലക്ക് ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ മാര്‍ച്ച് 31 വരെ പ്രവര്ത്തനരഹിതമാക്കരുതെന്ന് അദ്ദേഹം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മൊബൈലും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ മാര്‍ച്ച് 31 വരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് അറ്റോണി ജനറല്‍ മറ്റൊരു ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കിയ കാര്യവും ശ്യാം ദിവാന് ചൂണ്ടിക്കാട്ടി.
ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ മാര്‍ച്ച് 31 വരെ നടപടി പാടില്ലെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31-ഉം മൊബൈലിന് അടുത്ത ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി.
ഇക്കാര്യം വ്യക്തമാക്കി വിവരം നല്‍കാനാണ് സുപ്രീംകോടതി നിർദേശം. ബാങ്കില്‍ നിന്നും ടെലികോം സേവനദാതാക്കളില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാവുന്ന അവസ്ഥയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സന്ദേശങ്ങള്‍ തനിക്കും ലഭിക്കുന്നുണ്ടെന്നും സന്ദേശങ്ങളില്‍ അവസാനതീയതി കൂടി വ്യക്തമാക്കണമെന്നും ജസ്റ്റിസ് എ.കെ. സിക്രി പറഞ്ഞു. ആധാറുമായി ബന്ധപ്പെട്ട നാല് ഹരജികൾ കൂടി ഇതേ ബെഞ്ച് ഭരണഘടനബെഞ്ചിലേക്ക് വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.