ഇമാമുമാരുടെ ശമ്പളരീതി ചോദ്യം ചെയ്ത് വിവരാവകാശ കമീഷൻ
text_fieldsന്യൂഡൽഹി: വഖഫ് ബോർഡിന് കീഴിലുള്ള പള്ളികളിലെ ഇമാമുമാർക്ക് സംസ്ഥാന വഖഫ് ബോർഡിൽ നിന്ന് ശമ്പളം നൽകണമെന്ന സുപ്രീംകോടതി വിധി ഭരണഘടന ലംഘനമാണെന്നും സമൂഹത്തിൽ അനാവശ്യ രാഷ്ട്രീയ ചേരിതിരിവും സാമൂഹിക പൊരുത്തക്കേടും ഉണ്ടാക്കിയെന്നും കേന്ദ്ര വിവരാവകാശ കമീഷൻ.
ഡൽഹി സർക്കാറും ഡൽഹി വഖഫ് ബോർഡും ഇമാമുമാർക്ക് നൽകുന്ന ശമ്പളം സംബന്ധിച്ച കണക്ക് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ലഭിച്ച പരാതി പരിഗണിക്കുമ്പോഴാണ് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷനും കേന്ദ്രവും തമ്മിലുള്ള കേസിൽ 1993 ലെ വിധി ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ കമീഷണർ ഉദയ് മഹുർകറുടെ വിമർശനം.
1947ന് മുമ്പ് മുസ്ലിം സമുദായത്തിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന നയമാണ് അവർക്കിടയിൽ ഒരു വിഭാഗത്തിന് പാൻ-ഇസ്‌ലാമിക് പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. ഇത് ആത്യന്തികമായി രാജ്യ വിഭജനത്തിലേക്ക് നയിച്ചു. ഇമാമുമാർക്ക് മാത്രം പ്രതിഫലം നൽകുന്നത് ഹിന്ദു സമൂഹത്തെയും മറ്റ് മുസ്ലിം ഇതര ന്യൂനപക്ഷ മതങ്ങളിലെ അംഗങ്ങളെയും വഞ്ചിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ഇന്ത്യൻ മുസ്ലിംകളുടെ ഒരു വിഭാഗത്തിനിടയിൽ ഇതിനകം തന്നെ ദൃശ്യമായിട്ടുള്ള പാൻ-ഇസ്ലാമിസ്റ്റ് പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും കമീഷണർ പറഞ്ഞു.
ഡൽഹി സർക്കാറിൽ നിന്ന് ഡൽഹി വഖഫ് ബോർഡിന് പ്രതിവർഷം 62 കോടി രൂപ ഗ്രാന്‍റ് ലഭിക്കുന്നുണ്ട്. സ്വതന്ത്ര സ്രോതസ്സുകളിൽ നിന്നുള്ള പ്രതിമാസ വരുമാനം വെറും 30 ലക്ഷം രൂപയാണ്. ഡൽഹി വഖഫ് ബോർഡ് മസ്ജിദുകളിലെ ഇമാമുമാർക്ക് പ്രതിമാസം നൽകുന്ന പ്രതിഫലം 18,000 രൂപയാണ്.
നികുതിദായകരുടെ പണത്തിൽ നിന്നാണ് ഡൽഹി സർക്കാർ നൽകുന്നത്. ഹിന്ദു ക്ഷേത്രത്തിലെ പുരോഹിതന് പ്രസ്തുത ക്ഷേത്രം നിയന്ത്രിക്കുന്ന ട്രസ്റ്റിൽ നിന്ന് പ്രതിമാസം തുച്ഛമായ 2,000 രൂപ പ്രതിഫലമാണ് ലഭിക്കുന്നത്. മതങ്ങൾ തമ്മിലുള്ള ഐക്യത്തിനും രാജ്യത്തിന്‍റെ ഐക്യത്തിനും എല്ലാ മതങ്ങളിലെയും അംഗങ്ങളുടെ അവകാശങ്ങൾ തുല്യമായി സംരക്ഷിക്കപ്പെടണമെന്നും കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.