ഇൻഫോസിസിൽ കൂട്ടപ്പിരിച്ചു വിടൽ; പരീക്ഷ പാസാകാത്തതാണ് കാരണമെന്ന് ന്യായീകരണം
text_fieldsബംഗളൂരു: ഇൻഫോസിസിൽ കൂട്ടപ്പിരിച്ചു വിടൽ. ഇൻഫോസിസിലെ മൈസൂരു കാമ്പസിലാണ് കൂട്ടപ്പിരിച്ചുവിടൽ നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ട്രെയിനിയായി എടുത്ത ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ട്. 700 പേരെയാണ് ട്രെയിനിയായി നിയമിച്ചത്. അതിൽ 400 പേരെയും പിരിച്ചുവിട്ടിരിക്കുകയാണെന്ന് മണി കൺട്രോൾ ഡോട് കോം റിപ്പോർട്ട് ചെയ്തു.
ജോലിക്ക് കയറി മൂന്നുമാസത്തിനകം ഇവരെ പ്രത്യേകം പരീക്ഷ എഴുതിച്ചുവെന്നും അതിൽ പാസാകാത്തവരെയാണ് പിരിച്ചുവിട്ടതെന്നുമാണ് ഇൻഫോസിസിന്റെ ന്യായീകരണം. മൂന്നുതവണ അവസരം നൽകിയിട്ടും പാസാകാത്തവരെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നും ഇൻഫോസിസ് അധികൃതർ സൂചിപ്പിച്ചു. ജീവനക്കാരുടെ നിലവാരം അളക്കുന്നതാണ് ഇത്തരം പരീക്ഷകൾ.
സിസ്റ്റം എൻജിനീയേഴ്സ്, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനീയേഴ്സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്. ബാച്ചുകളായി ജീവനക്കാരെ വിളിച്ച് ഇവരെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയായിരുന്നു. പരീക്ഷ പാസാകാത്തതിനാൽ പിരിച്ചുവിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.
ഇന്ന് വൈകീട്ട് ആറുമണിക്കകം ക്യാമ്പസ് വിടാനാണ് ഇവർക്ക് നൽകിയ നിർദേശം.
എന്നാൽ തങ്ങളെ പിരിച്ചുവിട്ടത് അന്യായമായാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. വളരെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളായിരുന്നു പരീക്ഷക്കുണ്ടായിരുന്നതെന്നും പിരിച്ചുവിടാനായി നടത്തിയ പരീക്ഷയാണിതെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ ഐ.ടി ജീവനക്കാരുടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കൂട്ടപ്പിരിച്ചുവിടലിനെതിരെ കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനാണ് സംഘടനയായ എൻ.ഐ.ടി.എസിന്റെ നീക്കം.
2022ൽ റിക്രൂട്ട്മെന്റുകൾ നിർത്തിവെച്ചിരുന്നു ഇൻഫോസിസ്. രണ്ടരവർഷത്തിന് ശേഷം 2024ലാണ് പുതിയ ബാച്ചിനെ എടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.