ബലാത്സംഗം സംബന്ധിച്ച വിവാദ വിധി; സുപ്രീം കോടതിയിൽ നടന്നത് അസാധാരണ നീക്കം
text_fieldsന്യൂഡൽഹി: പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും ഓവുപാലത്തിനടിയിലേക്ക് കൊണ്ടുപോകുന്നതുമൊന്നും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ലെന്ന അലഹബാദ് ഹൈകോടതിയുടെ വിവാദ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത് അസാധാരണവും വിചിത്രവുമായ നീക്കങ്ങളിലൂടെ.
പൊതുതാൽപര്യ ഹരജി സുപ്രീംകോടതിയുടെ ഒരു ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് മറ്റൊരു ബെഞ്ച് സ്വമേധയാ കേസെടുത്ത് ഹൈകോടതി വിധി തന്നെ റദ്ദാക്കിയത്. അലഹബാദ് ഹൈകോടതിയുടെ വിവാദ നിരീക്ഷണത്തിനെതിരെ അഞ്ജലെ പാട്ടീൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി തള്ളിയത്.
അഭിഭാഷകൻ കേന്ദ്രസർക്കാറിന്റെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന കാമ്പയിൻ പരാമർശിച്ചതും തങ്ങൾക്ക് ക്ലാസെടുക്കേണ്ട എന്ന് പറഞ്ഞായിരുന്നു ഗുജറാത്ത് മുൻ ലോ സെക്രട്ടറി കൂടിയായ ജസ്റ്റിസ് ബേല എം. ത്രിവേദി ഹരജി തള്ളിയത്. എന്നാൽ, അതിന് പിറ്റേന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച് നേർവിപരീതമായ നടപടിയിൽ ഒരു സംഘടനയുടെ കത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. ‘വി ദ വിമൻ ഓഫ് ഇന്ത്യ’ എന്ന സംഘടനയാണ് അലഹബാദ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിക്ക് കത്തെഴുതിയത്.
ഹൈകോടതി വിധിയെഴുതിയ ജഡ്ജിക്ക് സംവേദനക്ഷമതയും മനുഷ്യത്വവും ഒട്ടുമില്ലെന്ന് കുറ്റപ്പെടുത്തിയാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. നാലുമാസം മുമ്പ് വിധി പറയാനായി മാറ്റിവെച്ച കേസായതിനാൽ ഒരു നിമിഷത്തെ പിഴവല്ല ഹൈകോടതി ജഡ്ജിക്ക് സംഭവിച്ചതെന്നും ആലോചിച്ചുറച്ച് എഴുതിയ വിധിയാണിതെന്നും സുപ്രീംകോടതി തുറന്നടിച്ചു. കേസുകൾ ജഡ്ജിമാർക്ക് വീതം വെക്കുന്ന അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസും ഇക്കാര്യത്തിൽ ചില നടപടികൾ എടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മാതാവിനെ കേസിൽ കക്ഷി ചേർക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
ബലാത്സംഗത്തിനും ബലാത്സംഗ ശ്രമത്തിനും കുറ്റം ചുമത്തപ്പെട്ട രണ്ട് പ്രതികളെ വിവാദ നിലപാടിലൂടെ ആ കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തരാക്കിയായിരുന്നു അലഹബാദ് ഹൈകോടതി വിധി. പീഡനക്കേസിലെ പ്രതികൾ ലൈംഗികാതിക്രമ കുറ്റത്തിന് മാത്രം വിചാരണ നേരിട്ടാൽ മതിയെന്നായിരുന്നു ജഡ്‌ജി രാം മനോഹർ നാരായൺ മിശ്രയുടെ ഉത്തരവ്. ഉത്തർപ്രദേശിൽ 11കാരിയെ രണ്ടുപേർ ചേർന്ന് പീഡനത്തിനിരയാക്കിയെന്ന കേസിലായിരുന്നു ഇത്. മാർച്ച് 17ന് അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച ഈ വിധി വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
ഈ വിധി പ്രസ്താവത്തിന്റെ 21,24,26 ഖണ്ഡികകൾ നിയമത്തിനനുസൃതമല്ലെന്ന് മാത്രമല്ല, മുനഷ്യത്വ വിരുദ്ധമായ സമീപനമാണ് കാണിക്കുന്നത്. അതിനാൽ ആ ഖണ്ഡികകളിലെ പരാമർശങ്ങളും തങ്ങൾ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
വളരെ ഗൗരവമേറിയ വിഷയമാണിതെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. മാസ്റ്റർ ഓഫ് റോസ്റ്റർ (കേസുകൾ ഏത് ബെഞ്ചിന് നൽകുന്നുവെന്ന് തീരുമാനിക്കൽ) അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസും ചില നടപടികൾ എടുക്കണം. തങ്ങൾ കേന്ദ്ര സർക്കാറിനും ഉത്തർപ്രദേശ് സർക്കാറിനും അലഹബാദ് ഹൈകോടതിയിലെ കേസിലെ കക്ഷികൾക്കും നോട്ടീസ് അയക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.