രക്തംവാർന്ന് 12 വയസ്സുകാരി; രക്ഷപ്പെടുത്താതെ ദൃശ്യങ്ങൾ പകർത്തി ആൾക്കൂട്ടം
text_fieldsലഖ്നോ: 12 വയസ്സുകാരി രക്തംവാർന്ന് വേദനകൊണ്ട് പുളയുമ്പോഴും രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ആൾക്കൂട്ടം. ഉത്തർപ്രദേശിലെ കനൗജിൽ തിർവ സർക്കാർ അതിഥിമന്ദിര വളപ്പിലാണ് സംഭവം.
വേദന സഹിക്കാൻ കഴിയാതെ ആർത്തുകരയുന്ന കുട്ടിയുടെ ചുറ്റും കൂടിനിൽക്കുന്നവർ മൊബൈലിൽ പകർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നീട് പൊലീസെത്തി കുട്ടിയെ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോവുന്നതും ദൃശ്യങ്ങളിൽ കാണാം. അതിഥിമന്ദിരം സുരക്ഷാജീവനക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു.
കഴിഞ്ഞദിവസം കളിപ്പാട്ടം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടി തിരിച്ചെത്തിയിരുന്നില്ല. കുടുംബാംഗങ്ങൾ കുട്ടിയെ അന്വേഷിക്കുന്നതിനിടെയാണ് അതിഥിമന്ദിരത്തിൽ കണ്ടെത്തിയത്. കുട്ടിയുടെ കൂടെ ഒരു യുവാവ് ഉണ്ടായിരുന്നു എന്നും ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് അനുപം സിങ് പറഞ്ഞു.
മെഡിക്കൽ റിപ്പോർട്ട് കിട്ടിയാലേ ഇതിൽ വ്യക്തത ലഭിക്കൂ. കുട്ടിയെ വിദഗ്ധ ചികിത്സക്കായി കാൺപുരിലെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടി യുവാവുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ അതിഥിമന്ദിരത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.