വാർഡൻമാർക്ക് നേരെ മുളക് പൊടി വിതറി ഏഴ് തടവുകാർ ജയിൽ ചാടി
text_fieldsഗുവാഹത്തി: അരുണാചൽ പ്രദേശിൽ ജയിൽ ജീവനക്കാരെ ആക്രമിച്ച് ഏഴ് തടവുകാർ രക്ഷപെട്ടു. വിചാരണ തടവുകാരാണ് അഞ്ച് ജയിൽ ജീവനക്കാർക്ക് നേരെ മുളക് പൊടി വിതറിയ ശേഷം തടവ് ചാടിയത്. ഈസ്റ്റ് സിയാങ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.
അഭിജിത് ഗൊഗോയ്, കോലം അപാങ്, തലും പാൻയിങ്, സുഭാഷ് മൊണ്ഡാൽ, രാജാ തായേങ്, ഡാനി ഗാംലിന എന്നിവരാണ് രക്ഷപെട്ടത്. ഞായറാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി വാർഡൻ സെൽ തുറന്നപ്പോഴാണ് തടവുകാർ ആക്രമിച്ച് കടന്ന് കളഞ്ഞത്.
സംഭവത്തിൽ അഞ്ച് ജയിൽ വാർഡൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാൾക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സെല്ലിന്‍റെ പൂട്ടുകൊണ്ടാണ് ഇയാളെ ഇടിച്ചതെന്ന് ഐ.ജി ചുകു അപ പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോണും കൈക്കലാക്കിയാണ് പ്രതികൾ സ്ഥലം വിട്ടത്.
പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് മൂന്ന് മുതൽ അഞ്ച് മണി വരെ കർഫ്യൂ ആയതിനാൽ പ്രതികൾക്ക് അധികം ദൂരം പോകാനാകില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.