പൗരത്വ സമരം: രണ്ടുപേർ വെടിയേറ്റു മരിച്ച കേസിൽ കർണാടക പൊലീസിന് ക്ലീൻചിറ്റ്
text_fieldsമംഗളൂരു: മംഗളൂരുവിൽ പൗരത്വ സമരക്കാർക്കു നേരെയുള്ള പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ക്ലീൻചിറ്റ് നൽകി കർണാടക സർക്കാർ. ഹൈകോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കവേയാണ് മംഗളൂരു പൊലീസിന് ക്ലീൻചിറ്റ് നൽകിയത്.
വെടിവെപ്പിെൻറ മജിസ്‌ട്രേറ്റ്തല അന്വേഷണ റിപ്പോർട്ടും സർക്കാർ കോടതിയിൽ സമർപ്പിച്ചു. മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പൂർണമായും അംഗീകരിച്ചതായി സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിനോട് ഹൈകോടതി നിർദേശിച്ചു. അതിനായി വാദം കേൾക്കുന്നത് മാറ്റിെവച്ചു.
2019 ഡിസംബർ 19ന് നഗരത്തിലെ സ്റ്റേറ്റ് ബാങ്കിനു സമീപം നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ നൗഷീൻ കുദ്രേളി, ജലീൽ കന്തക്ക് എന്നിവരാണ് മരിച്ചത്. പൊലീസ് അതിക്രമത്തിൽ നൂറ്റിയമ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. വെടിവെപ്പിനെതിരെ മനുഷ്യാവകാശ സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നിരുന്നു. കർണാടക ഭരിക്കുന്ന ബി.ജെ.പി സർക്കാർ അന്ന് കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. സമാധാനപരമായി സമരം ചെയ്യുന്നവർക്കുനേരെ പൊലീസ് ലാത്തിവീശിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.