കൂനൂർ ഹെലികോപ്ടർ അപകടത്തിൽ എല്ലാ കണ്ണുകളും അന്വേഷണത്തിലേക്ക്; അട്ടിമറി, ആക്രമണ സാധ്യതയും അന്വേഷണ പരിധിയിൽ
text_fieldsന്യൂഡൽഹി: കൂനൂർ ഹെലികോപ്ടർ അപകടത്തിെൻറ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണ സംഘത്തിെൻറ നടപടി പുരോഗതിയിൽ കണ്ണുനട്ട് രാജ്യം. ഏറ്റവും പെട്ടെന്ന് അന്വേഷണപ്രക്രിയ പൂർത്തിയാക്കാനുള്ള ശ്രമമാണ് വ്യോമസേനാ പരിശീലന കേന്ദ്രം മേധാവി മാർഷൽ മാനവേന്ദ്ര സിങ് നയിക്കുന്ന സംഘം നടത്തുന്നതെങ്കിലും, റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണ്ടിവരും.
കുന്നൂരിൽ അപകടം നടന്ന വനമേഖലയിൽ കര, നാവിക, വ്യോമ സേനാ വിദഗ്ധർ ഉൾപ്പെട്ട സംയുക്ത സംഘം ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തി. അതേസമയം, അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിൽ ഏറ്റവും നിർണായകമായി മാറുന്നത് ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ, കോക്പിറ്റ് വോയ്സ് റെക്കോഡർ എന്നിവയാണ്. ഇവ വിമാനാപകട അന്വേഷണ ബ്യൂറോക്ക് കൈമാറിയിട്ടുണ്ട്. പരിശോധന ഫലം കിട്ടാൻ സാവകാശം വേണ്ടിവരും.
കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച നഷ്ടപ്പെട്ട് പർവത മേഖലയിലെ മരത്തിലിടിച്ച് ഹെലികോപ്ടർ തകർന്നിരിക്കാമെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. ഇതിനകം പുറത്തു വന്ന 20 സെക്കൻഡ് വിഡിയോ നൽകുന്ന സൂചനയും അതുതന്നെ. ഹെലികോപ്ടർ മഞ്ഞിനുള്ളിലേക്ക് കടക്കുന്നതും, തുടർന്ന് തകർന്നു വീഴുന്നതായി റെയിൽപാതയിലൂടെ കടന്നു പോകുന്നവർ സംശയം പ്രകടിപ്പിക്കുന്നതും ഈ നിഗമനത്തിന് ശക്തിപകരുന്നു. അതേസമയം, ഹെലികോപ്ടർ ഇറങ്ങുന്നതിെൻറ ആംഗിൾ അടക്കമുള്ള സാങ്കേതിക കാര്യങ്ങൾ പരിശോധിക്കാനും വിഡിയോ ചിത്രം അന്വേഷകർക്ക് പ്രയോജനപ്പെടും. അതേസമയം, സംയുക്ത സംഘം അപകടത്തിെൻറ എല്ലാ സാധ്യതകളിലേക്കുമാണ് അന്വേഷണം നടത്തുക. അട്ടിമറി സാധ്യതയും ഇതിൽ ഉൾപ്പെടും. വിവിധ വിശകലനങ്ങൾ ഈ അന്വേഷണത്തിൽ ആവശ്യമാണ്. എത്ര ഉയരത്തിൽ, എത്ര വേഗത്തിലാണ് ഹെലികോപ്ടർ പറന്നിരുന്നതെന്ന വിവരം ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ നൽകും. നിശ്ചിത വ്യോമപാതയിൽനിന്ന് മാറിയാണോ പറന്നതെന്ന വിവരവും റെക്കോഡറിൽനിന്ന് കണ്ടെത്താനാവും.
അപകട സാഹചര്യത്തോട് ഹെലികോപ്ടർ പൈലറ്റും കോക്പിറ്റിലെ മറ്റുള്ളവരും എങ്ങനെ പ്രതികരിച്ചുവെന്ന അവസാന നിമിഷങ്ങളിലെ സാഹചര്യമാണ് കോക്പിറ്റ് വോയ്സ് റെക്കോഡറിലൂടെ അറിയാൻ കഴിയുക. അവർക്ക് സാഹചര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിഞ്ഞോ, അവസാന നിമിഷങ്ങളിൽ എടുത്ത തീരുമാനങ്ങൾ എന്താണ്, എന്തെങ്കിലും സന്ദേശം നിയന്ത്രണ കേന്ദ്രത്തിലേക്ക് കൈമാറാൻ ശ്രമിച്ചോ തുടങ്ങിയ കാര്യങ്ങളും മനസ്സിലാക്കാനാവും. ഇതിനൊപ്പം പ്രധാനമാണ് രാസവസ്തു പരിശോധന. ഹെലികോപ്ടറിെൻറ അവശിഷ്ടങ്ങളിൽ നടത്തുന്ന ഈ പരിശോധനയിലൂടെ, സ്ഫോടക വസ്തു സാന്നിധ്യമുണ്ടോയെന്നും മറ്റും അറിയാനാവും. കോപ്ടറിനുള്ളിൽ സ്ഫോടക വസ്തു സാന്നിധ്യമുണ്ടോ എന്നതിനു പുറമെ, മിസൈൽ പ്രഹരമേറ്റുവോ എന്നതടക്കമുള്ള അട്ടിമറി, ആക്രമണ വശങ്ങളും പുറത്തു കൊണ്ടുവരുന്നതിൽ നിർണായകമാണ് രാസവസ്തു പരിശോധന. സൈനിക ഹെലികോപ്ടർ അപകടത്തെക്കുറിച്ച് സൈന്യം ആഭ്യന്തരമായി നടത്തുന്ന അന്വേഷണത്തിെൻറ ഫലം എത്രത്തോളം വ്യക്തമായി പുറത്തുവരുമെന്ന സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെ അട്ടിമറി, ആക്രമണ സാധ്യതയെക്കുറിച്ച ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഊഹം പ്രചരിപ്പിക്കരുതെന്ന് വ്യോമസേന പ്രസ്താവനയിൽ അഭ്യർഥിച്ചു. അന്വേഷണ നടപടികൾ വേഗം പൂർത്തിയാക്കി വസ്തുതകൾ പുറത്തുകൊണ്ടുവരും. മരണപ്പെട്ടവരോടുള്ള ആദരവ് നിലനിർത്തി, അതുവരെ ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഗൂഢാലോചന ഉണ്ടാകാമെന്ന സംശയങ്ങൾ ചൈനീസ് സർക്കാർ മാധ്യമം കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള റഷ്യൻ നിർമിത എംഐ 17 വി 5 ഹെലികോപ്ടറാണ് തകർന്നു വീണത്. ചെങ്കുത്തായ നീലഗിരി മേഖലയിൽ ഹെലികോപ്ടർ പറത്തുേമ്പാൾ വേണ്ട മുൻകരുതലുകളെക്കുറിച്ച് മുൻകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സേനാ പൈലറ്റുമാർക്ക് ജാഗ്രത നിർദേശമുണ്ട്. കര, നാവിക, വ്യോമ സേനകളുടെ മേധാവിയുമായി പറക്കുന്ന അതിപ്രധാന യാത്രയുടെ റൂട്ട് നിശ്ചയിക്കുന്നതടക്കം എല്ലാ കാര്യങ്ങളിലും കണിശമായ ആസൂത്രണമുണ്ട്. എന്നിട്ടും അപകടം നടന്നതെങ്ങനെ എന്നതാണ് ഇതിനകം തുടങ്ങിയ അന്വേഷണത്തിെൻറ കാതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.