ഉത്തരാഖണ്ഡിൽ വീട് പള്ളിയായി ഉപയോഗിക്കുന്നെന്ന ഹിന്ദുത്വ സംഘടനയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
text_fieldsപിത്തോരാഗഡ്: ‘അനധികൃത’ പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടന ഉത്തരാഖണ്ഡിലെ ബെറിനാഗിലെ സബ് ഡിവിഷണൽ മജിസ്രേറ്റിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിനെത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ.
ബെറിനാഗിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ അകവശം നമസ്‌കാരത്തിനുള്ള പള്ളിയാക്കി മാറ്റിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ സേവാ സംഗതൻ ആണ് ഇതിനെതിരെ പ്രകടനം നടത്തിയത്. സംഘടനയിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് പിത്തോരഗഡ് ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് ഗിരീഷ് ഗോസ്വാമി പറഞ്ഞു.
‘അനധികൃത മസ്ജിദ് നീക്കം ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ അതിനെതിരെ ഞങ്ങൾക്ക് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന്’ സംഘടനയുടെ സ്ഥാപക പ്രസിഡന്‍റ് ഹിമാൻഷു ജോഷി പറഞ്ഞു.
ഹൽദ്വാനിയിൽ താമസിക്കുന്ന ആസിം എന്നയാളിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട് കഴിഞ്ഞ 25 വർഷമായി നൂറോളം മുസ്‌ലിം കുടുംബങ്ങൾ നമസ്‌കരിക്കാൻ ഉപയോഗിച്ചുവരുന്നതായി നാട്ടുകാർ പറഞ്ഞു. വീടിന്റെ ഒരു ഭാഗം മദ്രസയായും ഉപയോഗിക്കുന്നുവെന്നും അവർ പറഞ്ഞു. പുറത്തുനിന്ന് നോക്കുമ്പോൾ ഇത് മറ്റേതൊരു വീടും പോലെയാണെങ്കിലും വർഷങ്ങളായി ഉള്ളിൽ പ്രാർഥനക്ക് ഉപയോഗിച്ചുവരുന്നതാണെന്ന് നാട്ടുകാർ അറിയിച്ചു.
മുസ്‍ലിം പള്ളി തത്സമയം സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിച്ചതിന് രാഷ്ട്രീയസേവാ സംഗതൻ അംഗങ്ങൾക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ മതത്തിന്റെ പേരിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ പ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.