മാധ്യമസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറുകള്‍ വന്‍തുക കുടിശ്ശിക വരുത്തി –ഐ.എൻ.എസ്
text_fieldsന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരസ്യ ഇനത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള വന്‍ തുക കുടിശ്ശിക വരുത്തിയെന്ന് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
സമീപ ഭാവിയില്‍ ഈ കുടിശ്ശിക തിരിച്ചുകിട്ടുന്നതിെൻറ സൂചനയില്ലെന്നും ഐ.എന്‍.എസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. പത്ര സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ഐ.എന്‍.എസ് നിലപാടിനെ പിന്തുണച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
രാജ്യവ്യാപക ലോക്ഡൗണിന് ശേഷം മാധ്യമ മാനേജ്മെൻറുകള്‍ ഏകപക്ഷീയമായി മാധ്യമപ്രവര്‍ത്തകരെ നീക്കം ചെയ്യുകയും അവരുടെ ശമ്പളം വെട്ടിക്കുറക്കുകയും ശമ്പളമില്ലാത്ത അവധിയില്‍ പറഞ്ഞയക്കുകയും ചെയ്യുന്നതിനെതിരെ നാഷനല്‍ അലയന്‍സ് ഓഫ് ജേണലിസ്റ്റ്സും ഡല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റ്സും ബ്രിഹന്‍ മുംബൈ യൂനിയന്‍ ഓഫ് ജേണലിസ്റ്റ്സും സമര്‍പ്പിച്ച ഹരജിക്ക് നല്കിയ മറുപടി സത്യവാങ്മൂലങ്ങളിലാണ് ഐ.എന്‍.എസും എന്‍.ബി.എയും മാധ്യമ രംഗത്തെ സാമ്പത്തിക പ്രതിസന്ധി സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. ഇതിനകം തന്നെ ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയിലായ മാധ്യമമേഖലയെ കോവിഡ്-19െൻറ വ്യാപനവും ലോക്ഡൗണും അങ്ങേയറ്റം മോശമായി ബാധിച്ചുവെന്ന് ഐ.എന്‍.എസ് വ്യക്തമാക്കി.
ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി (ഡി.എ.വി.പി) 1500 കോടിക്കും 1800 കോടിക്കുമിടയില്‍ വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്ക് കുടിശ്ശികയായി നൽകാനുണ്ട്. ഇതില്‍ 800-900 കോടിയും പത്രസ്ഥാപനങ്ങള്‍ക്കാണ്.
നിലവില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ 80-85 ശതമാനവും മറ്റു പരസ്യങ്ങളില്‍ 90 ശതമാനവും കുറവുണ്ടായിരിക്കുന്നു. പരസ്യമില്ലാത്തതിനാല് നിരവധി പത്രങ്ങള്‍ അവയുടെ പേജുകള്‍ കുത്തനെ കുറച്ചു. പല പത്രങ്ങളും മിക്ക എഡിഷനുകളും പൂട്ടിയെന്നും സത്യവാങ്മൂലത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.