ഐ.എൻ.എസ് വിക്രാന്ത്: രാജ്യം കണ്ട ഏറ്റവും വലിയ സ്വപ്നം
text_fieldsകൊച്ചി: രാജ്യത്തിന്റെ കടലതിരുകൾക്ക് കാവലും നാവികസേനക്ക് കരുത്തുമായി ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വപ്നത്തിലേക്ക് ഇനിയുള്ളത് ഈ രാപ്പകൽ ദൂരം മാത്രം. രാജ്യത്തിന്റെ അഭിമാന മുദ്രയായി മാറുന്ന തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് വെള്ളിയാഴ്ച കൊച്ചി കപ്പൽ ശാലയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ഇതോടെ സ്വന്തമായി വിമാന വാഹിനി രൂപകൽപന ചെയ്യാനും നിർമിക്കാനും കരുത്തുള്ള ലോകത്തെ ആറാമത്തെ രാജ്യമായി മാറും ഇന്ത്യ. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്ത് പൂർത്തീകരിച്ചത് കൊച്ചിയിലെ കപ്പൽശാലയാണ്. വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയായി കൊച്ചി മാറുമ്പോൾ കേരളത്തിനും ഇത് അഭിമാന നിമിഷം.
നിർമാണഘട്ടത്തിന് ശേഷവും കടലിലും തീരത്തുമുള്ള പരിശോധനകൾ പൂർത്തിയാക്കി ജൂലൈ അവസാനം വിക്രാന്ത് നാവികസേനക്ക് കൈമാറിയിരുന്നു. ഇന്റീജനസ് എയർ ക്രാഫ്റ്റ് കാരിയർ-1 (ഐ.എ.സി-1)എന്നാണ് നാവികസേന രേഖകളിൽ ഈ കപ്പൽ നിലവിൽ അറിയപ്പെടുന്നത്. വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് പടക്കപ്പൽ കൈമാറുന്നതോടെ ഐ.എൻ.എസ് വിക്രാന്ത് എന്നാകും ഔദ്യോഗിക നാമം.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നാവിക സേനക്ക് വേണ്ടി നിര്‍മിച്ച എച്ച്.എം.എസ് ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനി കപ്പല്‍ ഇന്ത്യ വാങ്ങി 1961 -ല്‍ ഐ.എൻ.എസ് വിക്രാന്ത് എന്ന പേരില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാക്കിയിരുന്നു. 1997 വരെ നാവിക സേനയുടെ ഭാഗമായിരുന്ന വിക്രാന്തായിരുന്നു ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ. അതിന്റെ ഓർമക്കാണ് തദ്ദേശീയമായി നിർമിച്ച കപ്പലിനും സമാനമായ പേര് നൽകാൻ തീരുമാനിച്ചത്.
നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപന ചെയ്ത ആദ്യ വിമാന വാഹിനികപ്പലിന് ചെലവായത് 23,000 കോടി രൂപയാണ്. 14,000 പേരുടെ അധ്വാനമാണ് വിക്രാന്തിന്റെ പിന്നിലുള്ളത്. 333 നീലത്തിമിംഗലങ്ങളുടെ വലുപ്പവും 45000 ടണ്‍ ഭാരശേഷിയാണ് കപ്പലിനുള്ളത്.
റഷ്യയിൽനിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി മുടങ്ങിയതോടെ നിർമാണത്തിനാവശ്യമായ എക്സ്ട്രാ ഹൈ ടെൻസൈൽ സ്റ്റീൽ തദ്ദേശീയമായി നിർമിച്ചാണ് കപ്പൽ ഉണ്ടാക്കിയത്. വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കും വിത്യസ്തമാണ്. സ്കൈ ജംപ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്ന ഡെക്കിൽ മൂന്നു റൺവേകളുണ്ട്. പോർ വിമാനങ്ങൾക്ക് പറന്നുയരാൻ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റൺവേകളും ഇറങ്ങുന്നതിന് 190 മീറ്റർ നീളമുള്ള റൺവേയുമാണുള്ളത്. കുറഞ്ഞ ദൂരത്തിലുള്ള റണ്‍വേയില്‍നിന്ന് യുദ്ധ വിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍നിന്ന് പറന്ന് ഉയരാനാകും. 240 കിലോമീറ്റർ വേഗത്തിൽ പറന്നിറങ്ങുന്ന വിമാനങ്ങളെ പിടിച്ചു നിർത്താനും അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കിയിരിക്കുന്നത് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡാണ്. കപ്പൽ നിർമാണ സാമഗ്രികളുടെ 76 ശതമാനവും തദ്ദേശീയമായി നിർമിക്കപ്പെട്ടവയാണ് എന്നത് മറ്റൊരു നേട്ടമാണ്. 14 ഡെക്കുള്ള കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും ഉണ്ട്. ഒരേ സമയം 1800 ക്രൂ അംഗങ്ങളെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള കപ്പലിന് പരമാവധി വേഗമായ 28 നോട്സ് (മണിക്കൂറിൽ 52 കിലോമീറ്റർ) കൈവരിക്കാനായിട്ടുണ്ടെന്നതും നേട്ടമാണ്. 2005 ഏപ്രിലിലാണ് നിർമാണ പ്രവർത്തനം തുടങ്ങിയത്. 2013 ആഗസ്റ്റിൽ നീറ്റിലിറക്കിയ കപ്പലിന്റെ ബേസിൻ ട്രയൽ ആരംഭിച്ചത് 2020 നവംബറിനാണ്. 2021 ആഗസ്റ്റിൽ സമുദ്ര പരീക്ഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് അവസാന സമുദ്ര പരീക്ഷണം നടത്തിയതും മാസാവസാനം നാവികസേനക്ക് കൈമാറുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.