ഉത്തരാഖണ്ഡ് പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ കോൺഗ്രസ്
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതാക്കൾക്കുമെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും മൗനം അവരുടെ നിർവികാരതയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
കേസന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിൽ പാർട്ടിക്ക് വിശ്വാസമില്ലെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ കരൺ മഹാര പറഞ്ഞു. "ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട മകൾക്ക് വേണ്ടി പ്രധാനമന്ത്രി ഒരു ട്വീറ്റോ പ്രസ്താവനയോ നടത്താത്തത് ദുഃഖകരമാണ്. ഇത് വളരെ ലജ്ജാകരമാണ്. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെ മുഴുവൻ നേതാക്കളുടെയും യഥാർഥ മുഖം വ്യക്തമായിരിക്കുകയാണ്"- മഹാര പറഞ്ഞു. കൊലപാതകത്തിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള എല്ലാ പാർട്ടികളും പ്രതിഷേധിക്കുമ്പോൾ ബി.ജെ.പി എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
കേസന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസിലെ മുഖ്യ പ്രതിയുടെ പിതാവുമായി അന്വേഷണ സംഘം ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് എത്രത്തോളം സമ്മർദ്ദം ലഭിക്കുന്നുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും മഹാര കൂട്ടിച്ചേർത്തു.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്താനും പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് കാലതാമസം വരുത്തിയത് സംശയാസ്പദമാണ്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് പൊളിച്ചത്. ഇതിലൂടെ ഏത് വി.ഐ.പിയെയാണ് സർക്കാർ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് കൊല്ലപ്പെട്ട പെൺകുട്ടി ജോലി ചെയ്തിരുന്നത്. സംഭവത്തിൽ പുൽകിത് ആര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.