ആപ്പിലെ വായ്പക്ക് പിന്നാലെ ഭീഷണി; ജീവനൊടുക്കിയത് മൂന്ന് പേർ, 17 പേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: മൊബൈൽ ആപ്പിലൂടെ വായ്പയെടുത്ത മൂന്ന് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈദരാബാദിലും സൈബറാബാദിലുമായി 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലും ഗുരുഗ്രാമിലുമായി 11 പേരെയും ഹൈദരാബാദിൽ ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റന്‍റ് ലോൺ കമ്പനികൾക്കെതിരെ 23 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലോൺ എടുത്ത മൂന്ന് പേർ കഴിഞ്ഞ ആഴ്ചകളിൽ ആത്മഹത്യ ചെയ്തിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട ഭീഷണികളും മറ്റും കാരണമാണ് ഇവർ ജീവനൊടുക്കിയത്. തുടർന്നാണ് സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിനിറങ്ങിയത്.
ലയോഫാങ് ടെക്നോളജീസ്, ഹോട്ഫുൾ ടെക്നോളജീസ്, പിൻപ്രിന്‍റ് ടെക്നോളജീസ്, നബ്ലൂം ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളിൽ ഹൈദരാബാദ് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവയെല്ലാം ബംഗളൂരുവിൽ രജിസ്റ്റർ ചെയ്തവയാണ്.
ലോൺ കമ്പനികൾ ഹൈദരാബാദിലും ഗുരുഗ്രാമിലും കാൾ സെന്‍ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് ലോണെടുത്തവരെ ഭീഷണിപ്പെടുത്തുന്നത്.
ലോൺ ആപ്പുകൾ ഏറെയും അനധികൃതമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ 60ലേറെ ലോൺ ആപ്പുകൾ ലഭ്യമാണ്. ഇവ രജിസ്റ്റർ ചെയ്തവയോ റിസർവ് ബാങ്ക് അംഗീകരിച്ചവയോ അല്ല.
35 ശതമാനം വരെ പലിശ ഈടാക്കുന്ന വായ്പളാണ് ഇവർ നൽകുന്നതെന്ന് പൊലീസ് പറയുന്നു. 75 ബാങ്കുകളിലായി ഇവരുടെ 423 കോടി രൂപ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്.
എട്ട് മാസത്തേക്ക് 30,000 രൂപ ആപ്പിലൂടെ ലോൺ എടുത്തയാൾക്ക് വിവിധ ചാർജുകൾ ഈടാക്കിയ ശേഷം 20,000 രൂപയാണ് നൽകിയത്. 29,000 രൂപ ഇയാൾ തിരിച്ചടച്ചിട്ടും 8634 രൂപ കൂടി അടക്കണമെന്നാണ് നിർദേശം ലഭിച്ചത്. ഇത് അടക്കാതായതോടെ ഭീഷണി തുടങ്ങി. കുടുംബാംഗങ്ങളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തൽ തുടങ്ങിയപ്പോഴാണ് പരാതിപ്പെട്ടത്.
കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് തന്നെ ഇത്തരം ആപ്പുകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
വായ്പ ലഭ്യമാകണമെങ്കിൽ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഫോണിലെ വ്യക്തിവിവരങ്ങളിലേക്ക് പ്രവേശിക്കാനുള്ള സമ്മതവും നൽകണം. ഇതോടെ വ്യക്തിവിവരങ്ങളെല്ലാം ഇവർക്ക് ലഭ്യമാകുന്നതോടൊപ്പം ഫോണിന്‍റെ നിയന്ത്രണം തന്നെ ആപ്പുകൾ കൈയടക്കുന്ന സ്ഥിതി വരും. ഇത് ഉപയോഗിച്ച് വരെ ഭീഷണിപ്പെടുത്തിയാണ് കൂടുതൽ തുക തിരിച്ചടക്കാൻ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.