സ്വാഗതം ചെയ്ത് എ.എ.പി; കോൺഗ്രസ് വിടുമെന്ന വാർത്തകൾ നിഷേധിച്ച് ഹാർദിക് പട്ടേൽ
text_fieldsഅഹ്മദാബാദ്: കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഹാർദിക് പട്ടേലിനെ സ്വാഗതം ചെയ്ത് എ.എ.പി. സമാന ചിന്താഗതിക്കാരുടെ പാർട്ടിയാണിതെന്ന് പറഞ്ഞാണ് ഗുജറാത്ത് ആം ആദ്മി പാർട്ടി അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ അദ്ദേഹത്തെ ക്ഷണിച്ചത്.
പട്ടേലിനെ പോലെയുള്ള സമർപ്പണബോധമുള്ള വ്യക്തികൾക്ക് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ല. അദ്ദേഹം കോൺഗ്രസ് ഇഷ്ടപ്പെടുന്നില്ലെങ്കിൽ, എ.എ.പിയെ പോലെ സമാനചിന്താഗതിയുള്ള പാർട്ടിയിൽ ചേരണം. കോൺഗ്രസ് നേതൃത്വത്തോട് പരാതി പറഞ്ഞ് സമയം കളയുന്നതിനു പകരം, അദ്ദേഹം ഇവിടെ സംഭാവന ചെയ്യണം. കോൺഗ്രസിനെ പോലൊരു പാർട്ടിയിൽ അദ്ദേഹത്തെ പോലെയുള്ള സമർപ്പണബോധമുള്ള വ്യക്തികൾക്ക് സ്ഥാനമുണ്ടാകില്ലെന്നും ഗോപാൽ ഇറ്റാലിയ പറഞ്ഞു.
അതേസമയം, കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ ഹാർദിക് നിഷേധിച്ചു. ഞാൻ ഇതുവരെ കോൺഗ്രസിന് എന്റെ 100 ശതമാനം നൽകിയിട്ടുണ്ട്, വരും ദിവസങ്ങളിലും അത് നൽകും. ഗുജറാത്തിന്‍റെ വികസനത്തിനായി പ്രവർത്തിക്കും. പാർട്ടിക്കുള്ളിൽ ചെറിയ രീതിയിലുള്ള ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. പക്ഷേ, ഗുജറാത്തിന്‍റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും പട്ടേൽ വ്യക്തമാക്കി.
ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വർക്കിങ് പ്രസിഡന്‍റ് കൂടിയായ ഹാർദിക് പട്ടേൽ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. യോഗങ്ങളിലേക്ക് തന്നെ ക്ഷണിക്കുന്നില്ലെന്നും അഭിപ്രായം ചോദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഹാർദിക്, പാർട്ടിയിൽ പിന്നെന്തിനാണ് താനെന്നും ചോദ്യമുയർത്തി. പാട്ടീദാർ സംവരണസമര നേതാവായി ഉയർന്നുവന്ന ഹാർദികിനെ 2019ലാണ് കോൺഗ്രസിൽ ചേർത്തത്. രാഹുൽ ഗാന്ധിയുടെ പിന്തുണയും യുവനേതാവിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.